നീരവ് മോദിക്ക് ലണ്ടൻ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു

Jaihind Webdesk
Thursday, May 9, 2019

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു കോടികൾ വായ്പയെടുത്ത് തിരിച്ചടക്കാതെ നാടുവിട്ട ശേഷം ലണ്ടനിൽ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിക്ക് വീണ്ടും ലണ്ടൻ കോടതി ജാമ്യം നിഷേധിച്ചു. ഇത് മൂന്നാം തവണയാണ് നീരവ് മോദിയുടെ ജാമ്യം നിഷേധിക്കുന്നത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയാണ് ജാമ്യം നിഷേധിച്ചത്.

കേസ് 28 ദിവസങ്ങൾക്കു ശേഷം വീണ്ടും കോടതി പരിഗണിക്കും. മെയ് 30ന് വെസ്റ്റ്മിനിസ്റ്റർ കോടതി മുമ്ബാകെ നീരവ് മോദി ഹാജരാകണമെന്നും നിർദേശമുണ്ട്.സാക്ഷികൾക്ക് വധ ഭീഷണിയുണ്ടെന്ന വാദവും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുള്ള വാദവും കോടതി അംഗീകരിച്ചു.
മാർച്ച് 19നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. നീരവ് മോദിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയക്കൽ ഹരജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെതുടർന്നായിരുന്നു അറസ്റ്റ്.

നേരത്തേ പുറത്തുവന്ന വാർത്തകളെ സാധൂകരിക്കുന്ന തരത്തിലായിരുന്നു മോദിയുടെ അറസ്റ്റ്. മോദി ഒളിവിൽ കഴിയുന്നതായി മാധ്യമ റിപോർട്ടുകളിൽ പറഞ്ഞിരുന്ന ലണ്ടനിലെ വെസ്റ്റ് എൻഡിലെ വസതിയിൽനിന്നായിരുന്നു അറസ്റ്റ്.