വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, March 20, 2019

13,600 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയിലാണ് നടപടി. നീരവ് മോദിയെ കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് മോദി 29 വരെ കസ്റ്റഡിയില്‍ തുടരും.

രാജ്യം വിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് നീരവ് മോദി അറസ്റ്റിലാകുന്നത്. നേരത്തെ നീരവ് മോദിക്കെതിരെ ലണ്ടൻ വെസ്റ്റ് മിന്‍സ്റ്റർ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. മോദിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടർക്ക് കൈമാറണമെന്ന ആവശ്യപ്രകാരമാണ് നടപടി. വെസ്റ്റ് ഐലൻഡിലെ വസതിയിൽ വെച്ചാണ് മോദി അറസ്റ്റിലായത്.

സി.ബി.ഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും രണ്ട് എഫ്‌.ഐ.ആറുകളാണ് നീരവ് മോദിക്കെതിരെയും സുഹൃത്തായ മെഹുൽ ചോക്‌സിക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിടെയായിരുന്നു മോദി രാജ്യം വിട്ടത്. ഇതിനിടെ ഇയാൾ ബ്രിട്ടനിൽ ഉണ്ടെന്ന സൂചനകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യ നടപടി ശക്തമാക്കിയത്.

നീരവ് മോദി ലണ്ടൻ വിട്ട് മറ്റിടങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ ഇന്‍റർപോളിനെ ബന്ധപ്പെടുകയായിരുന്നു. നീരവിനെതിരെ റെഡ് കോർണർ നോട്ടീസ് ഉണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു സി.ബി.ഐയുടെ ആവശ്യം. 2018 ലാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,600 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിട്ടത്.