മലപ്പുറം : പിവി അൻവർ പ്രതിയായിരുന്ന മനാഫ് വധക്കേസിൽ പോലീസിന് വീണ്ടും തിരിച്ചടി. 15 വർഷമായി പിടികൂടാത്ത 4 പ്രതികൾക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എസ് പി യോട് ആവശ്യപ്പെട്ടു. റിമാന്റ് നടപ്പാക്കാനും കോടതി നിർദ്ദേശം നൽകി. അൻവറിന്റെ ബന്ധുക്കളടക്കം നാലു പ്രതികളാണ് 15 വർഷമായി ഒളിവിൽ കഴിയുന്നത്.
യൂത്ത് ലീഗ് പ്രവർത്തകൻ മനാഫ് കൊല്ലപ്പെട്ട കേസിൽ കോടതിയിൽ നിന്നും പോലീസിന് വീണ്ടും തിരിച്ചടി. കൊലപാതകം നടന്നിട്ട് 23 വർഷമായി. ഇതുവരെ നാല് പ്രതികളെ പിടികൂടാനൊ വാറന്റ് പുറപ്പെടുവിക്കാനോ പോലീസിന് സാധിച്ചിട്ടില്ല. മഞ്ചേരി മജിസ്രേട്ട് കോടതി കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോഴും പോലീസിനെ വിമർശിച്ചിരുന്നു. കേസിൽ പ്രതികളായി ഒളിവിൽ കഴിയുന്നവർക്കെതിരെ 15 വർഷമായി പോലീസ് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാന് കോടതി മലപ്പുറം എസ് പിക്ക് നിർദ്ദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. റിമാന്റ് നടപ്പാക്കാനും കോടതി പോലീസിന് നിർദ്ദേശം നൽകി. അതിനിടെ പ്രതികൾ വിദേശത്താണെന്നും ഇതിനകം പല തവണ നാട്ടിൽ വരുകയും, 2 തവണ പാസ്പോർട് പുതുക്കുകയും ചെയ്തിട്ടുണ്ടെന്നും മനാഫിന്റെ സഹോദരന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല കേസിൽ ഒളിവിൽ കഴിയുന്ന മുനീർ എന്ന പ്രതി പിവി അൻവറിന്റെ സ്വകാര്യ പാർക്കിൽ അടുത്തകാലംവരെ ജീവനക്കാരനായിരുന്നു എന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് ഡയറി പോലീസിന്റെ പക്കലില്ലെന്ന ഗുരതര ആരോപണവും ഹർജിക്കാരൻ ഉന്നയിച്ചു. എന്നാൽ ഇതിന് വ്യക്തമായ മറുപടിപറയാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതേതുടർന്നാണ് പോലീസ് നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കോടതി എസ് പി ക്ക് നിർദ്ദേശം നൽകിയത്. പിവി അൻവർ കേസിൽ പ്രതിയായിരുന്നെങ്കിലും ഒന്നാംസാക്ഷി കൂറുമാറിയതിനെ തുടർന്ന് വെറുതെവിടുകയായിരുന്നു. അൻവറിന്റെ സഹോദരി പുത്രൻമാരടക്കമുളള നാലുപ്രതികളാണ് 23 വർഷമായി ഒളിവിൽ കഴിയുന്നത്.