ഈ ഗതികേടിലേക്ക് നിങ്ങളെ തള്ളിവിട്ടവരുടെ ശിരസാണ് കുനിയേണ്ടത് ; വിനീതയുടെ കുടുംബത്തിന്‍റെ അവകാശത്തിന് വേണ്ടി നിലകൊള്ളും : യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Monday, May 31, 2021

 

തിരുവനന്തപുരം : സിപിഎം പ്രവർത്തകരുടെ വേട്ടയാടലിനിരയായ മാധ്യമപ്രവർത്തക വിനീത വേണുവിന് ഐക്യദാർഢ്യവുമായി യൂത്ത് കോണ്‍ഗ്രസ്. അഭിമാനത്തോടെ തല ഉയർത്തി ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള വിനിതയുടെ കുടുംബത്തിന്‍റെ അവകാശത്തിന് വേണ്ടി നിലകൊള്ളുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. ഒറ്റവെട്ടിന് തീർത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് അവരെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘സദാചാര പോലീസിംഗ് മുതൽ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയുടെ ഭീഷണി വരെ, ഇടത് അനുകൂല പോലീസ് ഉദ്ദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ വധഭീഷണി തൊട്ട് നിയമവിരുദ്ധ ട്രാൻസ്ഫറുകളുടെ ഘോഷായാത്ര,
എടുക്കുന്ന തൊഴിലിനെ സംബന്ധിച്ചും നവമാധ്യമങ്ങളില്‍ ആക്ഷേപവർഷവും പരിഹാസവും സ്വഭാവഹത്യയും.
രാഷ്ട്രീയ പ്രേരിതമായി വാദിയെ പ്രതിയാക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍, അപമാനിക്കല്‍, വേട്ടയാടലുകള്‍.. മാധ്യമ പ്രവർത്തക വിനീത വേണുവും ഭര്‍ത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല .

ഒറ്റ വെട്ടിന് തീർത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടത്.
അഭിമാനത്തോടെ തല ഉയർത്തി അദ്ധ്വാനിച്ച് ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള ഈ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളും .’-  ഷാഫി പറമ്പില്‍ കുറിച്ചു.