പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമളക്കെതിരെ പ്രതിഷേധം ശക്തം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

Jaihind Webdesk
Thursday, June 27, 2019

Youth-Congress-March Anthoor

പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പി.കെ ശ്യാമള രാജിവെക്കണമെന്നാവശ്യപ്പെട്ട് ആന്തൂർ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പോലീസ് അതിക്രമം. പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമള സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ധർമ്മശാലയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ആന്തൂർ നഗരസഭാ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. സാജന്‍റെ ആത്മഹത്യയുടെ പൂർണ ഉത്തരവാദിത്വം നഗരസഭാ ചെയർപേഴ്സണ്‍ പി.കെ ശ്യാമളയ്ക്കാണെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

Youth-Congress-march Anthoor

ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ നഗരസഭാ ഓഫിസ് പരിസരത്തേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ നിരവധി പ്രവർത്തകർ റോഡിൽ മറഞ്ഞു വീഴുകയും ചെയ്തു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ധർമ്മശാല – പറശിനികടവ് റോഡിൽ ഗതാഗതം സ്തംഭിച്ചു. ആറോളം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.