ജലീലിന്‍റെ രാജിക്കായി മുറവിളി; സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, കെ.എസ്.യു മാർച്ചുകള്‍ക്ക് നേരെ ജലപീരങ്കി | VIDEO

Jaihind News Bureau
Saturday, September 12, 2020

 

തിരുവനന്തപുരം: നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, കെ.എസ്.യു , എം.എസ്.എഫ്, മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു.

കൊല്ലത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്  അരുൺ രാജ് എന്നിവരുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നിന്നും ആരംഭിച്ച മാർച്ച് കടപ്പാക്കടയിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധത്തിനു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്കും യൂത്ത് ലീഗ് മാർച്ച് നടത്തി. മുദ്രാവാക്യം വിളികളുമായി ബാരിക്കേട് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച്  യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘടനം ചെയ്തു.

ജലീലിന്‍റെ വളാഞ്ചേരിയിലെ വസതിയിലേക്കായിരുന്നു എംഎഫ്എഫ് പ്രതിഷേധം. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസിന്‍റെ നേതൃത്വത്തിലാണ് മാർച്ച്‌ നടത്തിയത്. മലപ്പുറം കുന്നുമ്മലിൽ യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധം നടത്തി. പ്രവർത്തകർ റോഡ് ഉപരോധിച്ചു.

https://www.facebook.com/JaihindNewsChannel/videos/322698299035018