ദേശീയ അധ്യക്ഷനെതിരായ പൊലീസ് അതിക്രമം : യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് പ്രതിഷേധ‍ മാർച്ച് നടത്തി

Jaihind News Bureau
Monday, December 30, 2019

ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പോലീസ് അതിക്രമത്തിനെതിരെ  യൂത്ത് കോൺഗ്രസ് രാജ്ഭവന്‍ മാർച്ച് നടത്തി. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെയും ചിത്രങ്ങൾ പതിച്ച കോലം കത്തിച്ചു. പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി.വിയെ ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. ഉത്തർ പ്രദേശില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരായ പൊലീസ് നടപടിയിലും ബിഹാറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ച് ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. തുടർന്നുണ്ടായ പൊലീസ് നടപടിയില്‍ ശ്രീനിവാസ് ഉള്‍പ്പെടെയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ശ്രമം കേരളത്തിൽ നടപ്പാവില്ലെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോഡിനേറ്റർ എൻ.എസ് നുസൂർ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നരേന്ദ്ര മോദിയുടെയും, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെയും ചിത്രങ്ങൾ പതിച്ച കോലം  കത്തിച്ചു.