പൗരത്വ ഭേദഗതി നിയമം : സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യാ ഗേറ്റിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കുന്ന രാജ്യത്തെ സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ഇന്ത്യാ ഗേറ്റിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ശ്രീനിവാസ് ബി.വിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ച് മോദി സർക്കാരിന് ശക്തമായ താക്കീതായി.

ജാമിയ മില്ലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തിനെതിരെ തുടങ്ങിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യമെങ്ങുമുള്ള സർവകലാശാലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ജാമിയയിലെയും രാജ്യത്തെ മറ്റെല്ലാ സർവകലാശാലകളിലെയും വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഇന്ത്യാ ഗേറ്റിലേക്ക് പ്രകടനം നടത്തിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും ജനങ്ങളും പ്രകടനത്തില്‍ പങ്കാളികളായി.

മതാടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള മോദി സർക്കാരിന്‍റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതേസമയം സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തി. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്നലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രിയങ്കാ ഗാന്ധി എത്തിയത്. ഇന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളുടെ സംഘം രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. വിവാദ നിയമം പിന്‍വലിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും സംഘം ആവശ്യപ്പെട്ടു.

teevandi enkile ennodu para