നിയമന നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Monday, June 15, 2020

സംസ്ഥാനത്തു നിയമന നിരോധനമാണ് നടപ്പാക്കുന്നതെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്‍റ്‌ കെ.എം അഭിജിത്. പി.എസ്.സിയെ തകർക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും എൽഡിഎഫ് സർക്കാർ സമ്പൂർണ പരാജയമാണെന്നും കെ.എം അഭിജിത് പറഞ്ഞു. പി എസ് സി യുടെയും സർക്കാരിന്‍റെയും നിയമന നിരോധനത്തിനെതിരെയും യുവാക്കള്‍ക്ക് അർഹതപ്പെട്ട നിയമനങ്ങൾ നടത്തുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നതിലും പ്രതിഷേധിച്ചു കോഴിക്കോട് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.എസ്.സി ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് രാവിലെ പിഎസ്‌സി ഓഫീസിന്‍റെ ഗേറ്റിന് താഴിട്ട് പൂട്ടി ഓഫിസിന് മുന്നിൽ റീത്ത് വെച്ചായിരുന്നു സമരം. സർക്കാർ നയം തിരുത്തിയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇതൊരു സൂചനാ സമരം മാത്രമാണെന്നും നേതാക്കൾ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുധീർഷാ പാലോട്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂർ, സംസ്ഥാന ഭാരവാഹികളായ നിനൊ അലക്സ്, വിനോദ് കോട്ടുകാൽ, ഷജീർ നേമം തുടങ്ങിയവർ സംസാരിച്ചു.അതത് ജില്ലകളിൽ പിഎസ് സി റാങ്ക് ഹോൾഡേഴ്സുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും

യൂത്ത് കോൺഗ്രസ് പാലക്കാട്‌ ജില്ലാ കമ്മിറ്റി പി.എസ്.സി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരത്തിന് ജില്ലാ പ്രസിഡന്‍റ്‌ ടി. എച്ച് ഫിറോസ് ബാബു നേതൃത്വം നൽകി. കളക്ട്രേറ്റ് പടിക്കലിൽ റീത്ത് വെച്ചു കൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം.

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.എസ്.സി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സർക്കാർ നയം തിരുത്തിയില്ല എങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടിറ്റോ അന്‍റണി അധ്യക്ഷത വഹിച്ചു.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പി.എസ്.സി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സർക്കാർ നയം തിരുത്തിയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇതൊരു സൂചന സമരം മാത്രമാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടി ജിൻ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, സംസ്ഥാന സെക്രട്ടറി കെ.നൂറുദീൻ കോയ തുടങ്ങിയവർ സംസാരിച്ചു. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തകർ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന മലപ്പുറം പി.എസ്.സി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പ്രതിഷേധ മാർച്ച്‌ കളക്ടറേറ്റ് കവാടത്തിൽ പോലീസ് തടഞ്ഞു. പി.എസ്.സി ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് പ്രതീകാത്മകമായി റീത്ത് സമർപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് അടിയന്തിരമായി നിയമനം നൽകണമെന്നും, പബ്ലിക് സർവീസ് കമ്മിഷൻ എന്നത് പാർട്ടി സർവീസ് കമ്മിഷൻ എന്നായി മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്‍റ്‌ ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നൗഫൽ ബാബു, യു.കെ. അഭിലാഷ്, സി.കെ ഹാരിസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി പി നിധീഷ്. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, സുനിൽ പോരൂർ, മുഹമ്മദ്‌ പാറയിൽ, അഷ്‌റഫ്‌ കുഴിമണ്ണ, സഫീർ ജാൻ, നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ കെ. പി. ശറഫുദ്ദീൻ, ഹബീബ് ആദൃശ്ശേരി, മുഹമ്മദ്‌ ഇസ്‌ലാഹ്, ലത്തീഫ് കൂട്ടാലുങ്ങൽ, മുഹമ്മദ്‌ ഷിമിലി പി പി, കെ. എസ്. യു ജില്ലാ സെക്രട്ടറി അൻഷിദ്. ഇ. കെ എന്നിവർ പങ്കെടുത്തു.

കാസർഗോഡ് ജില്ലാ പി.എസ്.സി ഓഫീസിന് മുന്നിലും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണയും പ്രതീകാത്മക റീത്ത് സമർപ്പണവും നടത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ്‌ ബി.പി പ്രദീപ്‌ കുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, സെക്രട്ടറി നോയൽ ടോം ജോസ്, ഡിസിസി വൈസ് പ്രസിഡന്‍റ്‌ കെ.കെ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.