വിലക്ക് ലംഘിച്ച് ഇന്നും കള്ള് ഷാപ്പ് ലേലം; വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jaihind News Bureau
Thursday, March 19, 2020

തിരുവനന്തപുരം: കോവിഡ് ജാഗ്രതാ നിർദേശങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും കള്ള് ഷാപ്പ് ലേലം. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും ആലപ്പുഴയിലുമാണ് ലേലം നടന്നത്. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്ന ഉത്തരവ് ലംഘിച്ച് നടക്കുന്ന ലേല നടപടികളില്‍ എക്സൈസ് ഉദ്യോഗസ്ഥർ അടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.  ഇന്നലെ മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന  ലേലം പ്രതിഷേധം ഭയന്ന് ഇന്ന്  ജില്ലാ ആസൂത്രണ ഭവനിലേക്ക് മാറ്റുകയായിരുന്നു.

ലേലനടപടികൾ തുടരുന്നയിടങ്ങളിൽ യൂത്ത് കോൺഗ്രസിന്‍റെ  നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി.  യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍. എസ് നുസൂറിന്‍റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്തെ പ്രതിഷേധം. ലേലം നിര്‍ത്തിവയ്ക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം ഡെപ്യൂട്ടി കളക്ടര്‍ തള്ളുകയും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.