സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തോട് മൗനം: സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, February 20, 2019

 

തൃശൂര്‍: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാത്ത സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പിച്ച് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ്. കേരള സാഹിത്യ അക്കാദമിയിലേക്ക് പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്കാഡമി പ്രസിഡന്റിന്റെ വാഹനത്തില്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചു. ‘സാംസ്‌കാരിക നായകരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.  ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ഉൽഘാടനം ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക നായകരെ ജനകീയ വിചാരണയ്ക്ക് വിധേയരാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാസർകോട്ടെ ഇരട്ടക്കൊലപാതകത്തെ ജനരോഷത്തെ ഭയന്നിട്ടാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി വരെ തളളിപ്പറഞ്ഞിട്ടും ഇവിടത്തെ സാംസ്കാരിക സഖാക്കൾ പാലിക്കുന്ന മൗനം കേരളത്തിനും മലയാളത്തിനും അപമാനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടികൊന്ന സംഭവത്തില്‍ സാഹിത്യകാരന്മാര്‍ മൗനം പാലിക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു വാഴപ്പിണ്ടി സമര്‍പ്പണം.

അന്റാർട്ടിക്കയിലെ പെൻഗ്വിന് പനിപിടിച്ചാൽ പ്രതിഷേധക്കുറിപ്പും പ്രതിഷേധക്കവിതയും എഴുതുന്ന സാംസ്കാരിക നായകർക്ക് കാസർകോട്ടെ രണ്ട് ദരിദ്ര കുടുംബങ്ങളുടെ കണ്ണീര് കാണാൻ കഴിയുന്നില്ലെങ്കിൽ അവരുടെ തൂലികകൾ ജനങ്ങൾ പിടിച്ചെടുത്ത് ഒടിച്ചുകളയണം. ഇപ്പോൾ എഴുതാത്തവർ ഇനി എഴുതാൻ യോഗ്യരല്ല. ഇപ്പോൾ മിണ്ടാത്തവർ ഇനിയും നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കാൻ അർഹരല്ല.
അക്കാദമികളിലെ എ.സി.മുറിയും ഈസി ചെയറും നഷ്ടപ്പെടുമെന്നു ഭയന്ന് സ്വന്തം നട്ടെല്ല് എ.കെ.ജി സെന്ററിൽ പണയം വച്ച അവർക്ക് സാംസ്കാരിക കേരളം വാഴപ്പിണ്ടികൾ സമ്മാനിക്കുകയാണെന്ന് ജോൺ ഡാനിയൽ പറഞ്ഞു.

യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ അധ്യക്ഷത വഹിച്ചു. നേതാക്കളായ നൗഷാദ് ആറുപറമ്പത്ത്, കിരൺ ലാസർ, പ്രഭുദാസ് പാണേങ്ങാടൻ, ജിയോ ആലപ്പാടൻ, ലിജോ പനക്കൽ, വി എസ് ഡേവിഡ്, സി ഡി ജോൺസൺ, ജെഫിൻ പോളി, ഷിബു കാറ്റാടി, ജയേഷ് വില്ലടം, വിജീഷ് കിഴക്കേപുറം, മിന്റോ സി ആന്റോ, കൃഷ്ണദാസ്‌, ടിനോയ് ജോൺസൺ, അബ്‌ദുൾ അസീസ്, വിനോദ്വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.