തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; അ‍ഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു, പ്രവർത്തകരെ അറസ്റ്റ് ചെയ്തു

Jaihind Webdesk
Wednesday, December 20, 2023

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസിനോട് വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. ഇതിനിടെ പോലീസ് സംഘം സെക്രട്ടേറിയറ്റ് പരിസരത്തേക്ക് നീങ്ങി. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം  പോലീസ് തടഞ്ഞു. തുടർന്ന് സംഘർഷത്തില്‍ പോലീസ് അ‍ഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു.

നവകേരള സദസിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ പ്രവർത്തകർ തകർത്തു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളില്‍ കയറി നില്‍ക്കുകയും പോലീസും പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടാവുകയും ചെയ്തു.  തുടർന്ന് പോലീസ് ലാത്തി വീശുകയും പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ബസിൽ നിന്ന് പിടിച്ചിറക്കി. ലാത്തിചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനും പരുക്കേറ്റു.

അതേസമയം സംഘർഷത്തില്‍ പോലീസിനുനേരെ കുപ്പിയേറുണ്ടായി. ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്‍റെ മതിലിനു മുകളിലേക്കു കയറി. സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ കയറാതിരിക്കാൻ അകത്ത് മതിലിനു സമീപത്തായി പോലീസിനെ വിന്യസിച്ചിരുന്നു. പോലീസ് വാഹനത്തിന്‍റെ ചില്ല് പ്രവർത്തകർ അടിച്ചുപൊട്ടിച്ചു. പോലീസിനു നേരെ ചെരുപ്പേറുണ്ടായി. തുടർന്ന് പോലീസിന്‍റെ ഷീൽഡുകൾ വടികൊണ്ട് പ്രവർത്തകർ അടിച്ചുപൊട്ടിച്ചു.

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനെ പോലീസ് പൂട്ടിയിട്ടെന്ന് ആരോപിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. അതിനിടെ പ്രവർത്തകരെ കടകളിൽ കയറി പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്ഥലത്തെത്തി. വനിതാ പ്രവർത്തകരെ അക്രമിച്ച പോലീസുകാർക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, പരുക്കേറ്റ പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധ മാർച്ച് നടത്തുകയാണ്.

തിരുവനന്തപുരത്ത് ‘മുഖ്യമന്ത്രി ഗുണ്ടയോ’? എന്നെഴുതിയ ബാനർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.