യൂത്ത് കോണ്‍ഗ്രസ് സമ്പൂര്‍ണ നേതൃയോഗം ചേര്‍ന്നു

Jaihind Webdesk
Saturday, January 12, 2019

ജനാധിപത്യ ഇന്ത്യ കാണുന്ന ആദ്യത്തെ കുരുക്ഷേത്രയുദ്ധമാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻറണി. കേന്ദ്ര സർക്കാർ വിശ്വാസ വഞ്ചകരാണെന്നും മോദിയുടെ പ്രഭാവലയം ഇന്ത്യയിൽ അവസാനിച്ചെന്നും എ.കെ ആൻറണി പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യൂത്ത് കോൺഗ്രസ് നേതൃയോഗം ചേർന്നത്. യുവാക്കൾക്കും കൃഷിക്കാർക്കും മോദി നൽകിയത് വാഗ്ദാനങ്ങള്‍ മാത്രമാണ്. വഞ്ചിക്കപ്പെട്ട യുവാക്കൾക്ക് പകരം ചോദിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും ബി.ജെ.പിക്കാരെ പോലും ആവേശം കൊള്ളിക്കാൻ മോദിക്ക് സാധിക്കുന്നില്ലെന്നും എ.കെ ആന്‍റണി പറഞ്ഞു.

മോദി സി.ബി.ഐയെ പോലും സ്വന്തം പോക്കറ്റിലാക്കിയെന്നും നാടിന് വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇടത് മുന്നണി വർഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും പ്രളയാനന്തരകേരളം പുനർനിർമിക്കുന്നതിൽ സംസ്ഥാന സർക്കാർ കുറ്റകരമായ സമീപനമാണ് തുടരുന്നതെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.

എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ, യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ സി.ആർ മഹേഷ് തുടങ്ങിയവരും പങ്കെടുത്തു.