‘ഞങ്ങളാണ് സോഴ്സ്’: തരംഗമായി യൂത്ത് കോണ്‍ഗ്രസ് ക്യാമ്പയിന്‍ ; ബി.വി ശ്രീനിവാസിന് വലിയ പിന്തുണ

Jaihind Webdesk
Saturday, May 15, 2021

 

കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെ ചോദ്യംചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ ശ്രീനിവാസിനെ പിന്തുണച്ചും കേന്ദ്രത്തെ വിമര്‍ശിച്ചും നിരവധിപേരാണ് സൈബറിടങ്ങളിലടക്കം എത്തിയത്.

പിന്നാലെ ‘ഞങ്ങളാണ് സോഴ്സ്’ എന്ന ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ശ്രീനിവാസിനെയും സംഘത്തെയും സഹായിക്കാൻ 108 രൂപ അയച്ചു നൽകുന്നതാണ് ക്യാംപെയിൻ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനുപിന്നാലെ വലിയ സ്വീകാര്യതയാണ്  ലഭിച്ചത്. മറ്റ്‌ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും  ശ്രീനിവാസിന് പിന്തുണയുമായി രംഗത്തെത്തി.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ രാജ്യത്തെ ഭരണ സംവിധാനം കോവിഡിന് മുന്നിൽ നിഷ്ക്രിയരായപ്പോൾ, ഓക്സിജൻ സിലിണ്ടറുകമായി നാടിന് ശ്വാസമായവനാണ് BV ശ്രീനിവാസ്. അയാൾ സാധാരണക്കാരനു പകർന്ന് നല്കുന്ന ഭക്ഷണത്തിൻ്റെയും, മരുന്നിൻ്റെയും ‘സോഴ്സ്’ അന്വേഷിച്ചു ചെല്ലുമ്പോൾ എത്തിപ്പെടുക നന്മ വറ്റാത്ത കുറേ മനുഷ്യരിലാണ്. അതെ ആ മനുഷ്യത്വമാണ് അയാളുടെ സോഴ്സ്.ബി വി ശ്രീനിവാസ് നേതൃത്വം നൽകുന്ന #SOSIYC ക്ക്‌ നമ്മളിൽ പലരും നേരത്തെ തന്നെ സഹായം നൽകിയവരാണ്. എന്നാൽ ഇന്നത്തെ ഡൽഹി പോലീസിന്റെ നടപടിയോടുള്ള പ്രതിഷേധമാണിത്. ഈ പ്രതിഷേധത്തിൽ നിങ്ങളും പങ്കാളികളാവുക. ‘ഞങ്ങളാണ് സോഴ്സ്’. #108 രൂപ നൽകി നമ്മുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നിൽക്കാം. ആ പ്രവര്‍ത്തനങ്ങൾക്ക് കരുത്ത് പകരാം.