ജിന്‍സു 24 വയസ്സിനുള്ളില്‍ പീഡിപ്പിച്ചത് 27 വിദ്യാര്‍ത്ഥിനികളെ; അവസാനം അഴിക്കുള്ളില്‍

Jaihind News Bureau
Thursday, December 6, 2018

പ്രണയംനടിച്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റില്‍. മൂന്നുവര്‍ഷത്തോളമാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചിരുന്നത്. കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജിത്തു ഭവനില്‍ സജിയുടെ മകന്‍ ജിന്‍സു(24) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപിക പോലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.
ഇയാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റിങ്ങുകളും കണ്ടെടുത്തു. രക്ഷിതാക്കളെ വിളിച്ചുവരുത്തി പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്നും പിന്മാറി. ഇത്തരം ചതിക്കുഴികളെക്കുറിച്ച് പെണ്‍കുട്ടിക്ക് കൂടുതല്‍ അറിവു പകരുന്നതിനിടയിലാണ് തന്റെ കൂട്ടുകാരിയും കെണിയില്‍പ്പെട്ടിരിക്കുകയാണെന്ന വിവരം പൊലീസിന് കൈമാറിയത്. തുടര്‍ന്ന് നടത്തിയ കൗണ്‍സലിംഗിലാണ് ജിന്‍സുവിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

ജിന്‍സുവിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രണയമായി. ഇയാളോടൊന്നിച്ച് എടുത്ത ഫോട്ടോ പിന്നീട് ഫേസ്ബുക്കില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുത്തു. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് ഇരയാക്കി. ഇതും മൊബൈലില്‍ ചിത്രീകരിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ഥിനികളുടെ നഗ്നഫോട്ടോകളും വീഡിയോദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വേറെയും പെണ്‍കുട്ടികള്‍ ഇയാളുടെ ചതിയില്‍പ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്.

ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളിലാണ് പൊലീസ്. ചതിയില്‍ അകപ്പെട്ട വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളില്‍നിന്നും പരാതി ലഭ്യമാക്കാന്‍ ശ്രമം നടത്തുകയാണെന്ന് ജില്ലാ പൊലീസ് ചീഫ് ഹരിശങ്കര്‍ പറഞ്ഞു. വൈക്കം ഡിവൈഎസ്പി മുഖേന കടുത്തുരുത്തി പൊലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.