ഇന്ന് ലോക ഭക്ഷ്യ ദിനം

B.S. Shiju
Friday, October 16, 2020

ഇന്ന് ലോക ഭക്ഷ്യ ദിനം. ലോകത്തെ മുഴുവൻ ജനങ്ങളുടെയും വിശപ്പ് മാറ്റാനുള്ള ഭക്ഷണം ഭൂമിയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആഗോളജനസംഖ്യയുടെ 11 ശതമാനത്തിലധികം ആളുകൾ പട്ടിണി മാറ്റാൻ കഷ്ടപ്പെടുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിനാണ് 2020 ലെ സമാധാന നൊബേൽ പുരസ്‌കാരം എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്‌നബാധിത മേഖലകളിൽ യുദ്ധത്തിനും കലഹങ്ങൾക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങൾക്കുമാണ് പുരസ്‌കാരം നൽകുന്നതെന്നെന്ന് നൊബേൽ അസംബ്ലി അറിയിച്ചു. ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ആകുലതകളിലൊന്ന് ദാരിദ്ര്യമാണ്. ദാരിദ്ര്യത്തെ ഒരറ്റ നിർവചനത്തിലൊതുക്കാതെ ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്‍റെയോ ദാരിദ്ര്യത്തിന്‍റെയും പട്ടിണിയുടെയും യഥാർത്ഥകാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള മാർഗമാണ് എന്നും വേണ്ടത്.

ലോകത്തെ 82 കോടി ജനങ്ങൾ ഇപ്പോഴും ഒഴിഞ്ഞ വയറുമായി ഭക്ഷണത്തിനായി കാത്തിരിപ്പുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിവർഷം 50 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരണത്തിന് കീഴടങ്ങുന്നത്. സീറോ ഹംഗർ എന്നതാണ് ഐക്യരാഷ്ട്രസഭ ഈ വർഷം മുന്നോട്ട് വെക്കുന്ന പ്രമേയം. പട്ടിണി നിർമാർജനവും ഭക്ഷ്യസുരക്ഷയും തന്നെയാണ് മറ്റെന്ത് വികസന ലക്ഷ്യങ്ങളെക്കാളും എക്കാലത്തെയും ജനങ്ങളുടെ സ്വപ്നം. ലോകമെമ്പാടും പിഞ്ചുകുട്ടികളും, വയോവൃദ്ധരും ഉൾപ്പടെ ലക്ഷക്കണക്കിന് പേരാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്.

ഭക്ഷണം കഴിഞ്ഞ് വയറു നിറഞ്ഞ ശേഷം മിച്ച ഭക്ഷണം ചവറ്റുകുട്ടയിൽ വലിച്ചെറിയും മുമ്പ് ഒരു നിമിഷം എങ്കിലും ഈ ചിത്രം നിങ്ങൾ ഓർക്കണം. ഇവർക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നിങ്ങൾ വെറുതെ കളയുന്നത്. ആവശ്യത്തിന് ഭക്ഷണം മാത്രം വിളമ്പി കഴിക്കുക, ബാക്കി വരുന്ന ഭക്ഷണം എച്ചിലാക്കാതെ അതിന് വകയില്ലാത്തവർക്ക് കൂടി നൽകാൻ ശ്രമിക്കുക. ഒരു മണി ചോറുപോലും വിലപ്പെട്ടതാണെന്ന്
എപ്പോഴും ഓർക്കുക.