തൊഴിലാളികളുടെ വേതനം കൂട്ടണം; തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നു-പ്രതിപക്ഷം

Jaihind News Bureau
Tuesday, March 25, 2025

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചു. തൊഴിലാളികളുടെ വേതനം കൂട്ടണമെന്ന് പ്രിയങ്ക ഗാന്ധി എംപിയും ആവശ്യപ്പെട്ടു. തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ എംപിയും കുറ്റപ്പെടുത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികളുടെ മുടങ്ങിയ വേതനം ഉടന്‍ നല്‍കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്നും, തൊഴില്‍ ദിനങ്ങള്‍ 150 ആയി ഉയര്‍ത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. കേരളത്തില്‍ 1,86,000 പേര്‍ തൊഴിലുറപ്പ് ജോലി ഉപേക്ഷിച്ചുവെന്ന് അടൂര്‍ പ്രകാശ് എംപി ലോക്‌സഭയില്‍ പറഞ്ഞു. കുറഞ്ഞ വേതനവും, വേതനം വൈകുന്നതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) ദുര്‍ബലമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി രാജ്യസഭയില്‍ ആശങ്ക ഉന്നയിച്ചിരുന്നു. ബജറ്റ് വിഹിതം കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ ആസൂത്രിതമായി ദുര്‍ബലപ്പെടുത്തുകയാണൊണ്് സോണിയാ ഗാന്ധി ആരോപിച്ചത്.