ആസന്നമാകുന്ന യു.എസ്-ഇറാന്‍ യുദ്ധം; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

Jaihind Webdesk
Monday, September 3, 2018

 

പശ്ചിമേഷ്യ യുദ്ധഭീഷണിയുടെ നിഴലിൽ. ബാലിസ്റ്റിക്-ക്രൂയിസ് മിസൈൽ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഇറാന്റെ നിലപാടാണ് ആസന്നമാകുന്ന യു.എസ്-ഇറാൻ യുദ്ധത്തിന്റെ സൂചനകൾ നൽകുന്നത്. യുദ്ധം സംബന്ധിച്ച് ഇറാൻ പരോക്ഷ മുന്നറിയിപ്പും നൽകിക്കഴിഞ്ഞു.

ബാലിസ്റ്റിക്-ക്രൂയിസ് മിസൈൽ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ഇറാൻ തീരുമാനിച്ചതോടെ ആണവകരാറിൽ നിന്ന് യു.എസ് പിൻമാറിയിരുന്നു. തുടർന്ന് അമേരിക്ക ഇറാനെതിരെ രാജ്യാന്തര ഉപരോധവും ഏർപ്പെടുത്തി. എന്നാൽ നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഒരു യുദ്ധത്തിനുള്ള സാധ്യതയാണ് അന്താരാഷ്ട്ര വിദഗ്ധർ നിരീക്ഷിക്കുന്നത്.

യുദ്ധം സംബന്ധിച്ച് ഇറാൻ പരോക്ഷ മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ‘ഒരുങ്ങിയിരിക്കാൻ’ സൈന്യത്തിനോട് ആയത്തുല്ല ആഹ്വാനം ചെയ്തത്. ആൾബലവും ആയുധവിന്യാസവും കൂടുതൽ കരുത്തുറ്റതാക്കാനുള്ള നിർദേശവുമുണ്ട്. വ്യോമസേനയോടാണ് ഇക്കാര്യത്തിൽ പ്രത്യേക ആഹ്വാനം.

ഇറാന്റെ സൈനിക ശക്തിയാണ് രാജ്യത്തെ ആക്രമിക്കുന്നതിൽ നിന്ന് യു.എസിനെ പിന്തിരിപ്പിക്കുന്നതെന്ന് കഴിഞ്ഞ മാസം ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനിയും വ്യക്തമാക്കിയിരുന്നു. യു.എസ് കരാറിൽ നിന്നു പിന്മാറിയതിനെത്തുടർന്ന് രാജ്യത്തിനുണ്ടായ പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാര പാക്കേജ് നൽകണമെന്ന് യൂറോപ്യൻ രാജ്യങ്ങളോടും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.