സൗദി യാത്രയ്ക്ക് ജാഗ്രത പാലിക്കണമെന്ന് അമേരിക്കന്‍ മുന്നറിയിപ്പ് ; യുഎസ് വന്‍തിരിച്ചടിയ്ക്ക് ഒരുങ്ങുന്നതായി സൂചന

B.S. Shiju
Wednesday, September 18, 2019

ദുബായ് : സൗദിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അമേരിക്കന്‍ സ്വദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് അമേരിക്കന്‍ പൗരന്മാരോട് ഇത്തരത്തില്‍ യാത്രാ ഉപദേശം നല്‍കിയത്. ഇതോടെ, സൗദിയിലെ എണ്ണപ്പാടം-പ്‌ളാന്റ് ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍,  അമേരിക്കന്‍ സേന വന്‍ തിരിച്ചടിയ്ക്ക് ഒരുങ്ങുകയാണെന്ന സൂചനകള്‍ കൂടുതല്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ ജാഗ്രതാ നിര്‍ദേശം.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ്സൈറ്റില്‍ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം പോസ്റ്റ് ചെയ്തത്.  ഇപ്രകാരം സൗദിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ”കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്” വകുപ്പ് പൗരന്മാരോട് ആവശ്യപ്പെട്ടു. ഇതിനിടെ, സൗദി അബഹ വിമാനത്താവളത്തിലേക്ക് പതിവായി ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍, യുഎസ് മിഷന്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും അബഹ വിമാനത്താവളം ഉപയോഗിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. യെമനില്‍ നിന്നും ഇറാനില്‍ നിന്നും സൗദിയിലേക്ക് ഡ്രോണുകളും മിസൈലുകളും വിക്ഷേപിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ സുപ്രധാന ജാഗ്രതാ നിര്‍ദേശം.