ഇന്ത്യക്കാർ ഇറാഖ് സന്ദർശനം കഴിവതും ഒഴിവാക്കണമെന്ന് വിദേശ കാര്യ മന്ത്രാലയം; ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്കും നിർദേശം

Jaihind News Bureau
Wednesday, January 8, 2020

ഇറാൻ അമേരിക്ക യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് സർക്കാർ നിർദേശം നൽകി. ഇന്ത്യക്കാരോട് ഇറാഖ് സന്ദർശനം കഴിവതും ഒഴിവാക്കണമെന്ന് വിദേശ കാര്യ മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്. ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷിതർ ആയിരിക്കാനും മുന്നറിയിപ്പ് നൽകി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഇത് പാലിക്കണം എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാഗ്ദാദിലെ ഇന്ത്യൻ എംബസിയും ഏർബിലിൽ ഉള്ള കോണ്‍സുലേറ്റും സാധാരണ ഗതിയിൽ തുറന്ന് പ്രവർത്തിക്കും എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.