യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിൽ എസ്എഫ്‌ഐക്കെതിരെ വ്യാപക പ്രതിഷേധം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്

Saturday, July 13, 2019

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിൽ എസ്എഫ്‌ഐക്കെതിരെ വ്യാപക പ്രതിഷേധം. എഐഎസ്എഫ് ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. അതേസമയം കുത്തേറ്റ അഖിലിന്‍റെ മൊഴി ഇന്ന് രേഖപ്പെടും. അഖിലിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളടക്കമുള്ളവർക്കെതിരെ വധശ്രമത്തിനാണ് കേസ്. യൂണിറ്റ് പ്രസിഡൻറായ ശിവരഞ്ജിത്താണ് കോളേജിലുണ്ടായ സംഘർഷത്തിനിടെ അഖിലിനെ കുത്തിയത്. നെഞ്ചിൽ രണ്ട് കുത്തേറ്റ അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അഖിലിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീൽ റിപ്പോർട്ട് തേടി.

സംഭവത്തിൽ എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, എസ്എഫ്‌ഐ പ്രവർത്തകരായ അമർ, അദ്വൈത്, ആദിൽ,ആരോമൽ, ഇബ്രാഹിം എന്നിവരും കണ്ടലാറിയാവുന്ന മുപ്പത് പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ആരംഭിച്ചത്. ക്യാംപസിലിരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാർത്ഥികളെ എസ്എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്ത് ബിരുദവിദ്യാർത്ഥിയായ അഖിലിനെ കുത്തിയെന്നാണ് പൊലീസ് പറയുന്നത്.  മുഖത്ത് അടിയേറ്റ മറ്റൊരു വിദ്യാർത്ഥി വിഷ്ണുവും ആശുപത്രിയിൽ ചികിത്സ തേടി. സഹപാഠിക്ക് കുത്തേറ്റതോടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

പെൺകുട്ടികളുൾപ്പടെയുള്ളവർ എസ്എഫ്‌ഐക്കെതിരെ മുദ്രാവാക്യവുമായി യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധിച്ചു. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെയായിരുന്നു പ്രതിഷേധം