‘അദാനി ഗ്രൂപ്പിനായി പ്രധാനമന്ത്രി ഇടപെട്ടത് ഇഡി അന്വേഷിക്കാത്തത് എന്തുകൊണ്ട്?’ കേന്ദ്രത്തോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്. അദാനി ഗ്രൂപ്പിന് ശ്രീലങ്കയിൽ വിൻഡ് മില്ല് സ്ഥാപിക്കാൻ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയതിനെ കുറിച്ച് ഇഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു. പല ഇടപാടുകളിലും മോദി സെയിൽസ് ഏജന്‍റായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

മൂന്ന് ചോദ്യങ്ങള്‍ക്ക് ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

”1. ഒരു സ്വകാര്യ ബിസിനസ് ഗ്രൂപ്പിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് ഇടപെടല്‍ നടത്തി. ഇത് അന്വേഷിക്കപ്പെടേണ്ട ഒരു അഴിമതിയല്ലേ? 2. ഇത്ര വലിയ ഒരു ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദാനി ഗ്രൂപ്പില്‍ നിന്ന് ആരെയെങ്കിലും അന്വേഷണത്തിന് വിളിക്കാന്‍ ഇഡി തയാറായോ? അതിന് ഉദ്ദേശമുണ്ടോ? 3. രാഷ്ട്രീയ പകപോക്കലിന് കൂട്ടുനില്‍ക്കുകയും കടമ നിർവഹിക്കാന്‍ മറക്കുകയും ചെയ്യുന്ന ഇഡി പോലെയുള്ള ഒരു ഏജന്‍സിക്ക് എന്ത് വിശ്വാസ്യതയാണുള്ളത്? – ഗൗരവ് വല്ലഭ് ചോദിച്ചു.

അദാനി ഗ്രൂപ്പിന് ശ്രീലങ്കയിൽ വിൻഡ് മില്ല് സ്ഥാപിക്കാൻ പ്രധാനമന്ത്രി ഇടപ്പെട്ടതിന് തെളിവുകളുണ്ടെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു. അന്വേഷിക്കാൻ ഇഡിക്ക് ധൈര്യമുണ്ടോയെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പിപിഇ കിറ്റ് അഴിമതി പകൽ പോലെ വ്യക്തമായതാണ്. അദാനി ഗ്രൂപ്പിന്‍റെ നിരവധി ക്രമക്കേടുകൾ എന്തുകൊണ്ട് കാണാതെ പോകുന്നു. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ആക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കുകയാണ് ലക്ഷ്യം. ഗുജറാത്തിലെ ഹെറോയിൻ വേട്ട, വ്യാപം അഴിമതി അടക്കമുള്ള ഒന്നിലും ഇഡി ഇടപെടാത്തത് എന്തുകൊണ്ടാണെന്നും ഗൗരവ് വല്ലഭ് ചോദിച്ചു.

Comments (0)
Add Comment