എന്താണ് ഗുഡ്‌വിന്‍ ജ്വല്ലറി തട്ടിപ്പ്? കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന്‍റെ വിശദാംശങ്ങള്‍ അറിയാം | Video Story

Jaihind News Bureau
Sunday, August 2, 2020

 

രാജ്യത്തെ പ്രധാന സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നായിരുന്നു ഗുഡ്‌വിന്‍ ജ്വല്ലറി തട്ടിപ്പ്. തൃശൂർ സ്വദേശികളായ ജ്വല്ലറി ഉടമകൾ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടത്തിയത് 500 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ്. ജ്വല്ലറിയുടെ മറവിൽ  സാമ്പത്തിക നിക്ഷേപം സ്വീകരിച്ച് ഉടമകള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ വഞ്ചിക്കുകയാണ് ചെയ്തത്.

കേരളത്തിലും മഹാരാഷ്ട്രയിലും ദുബായിലുമായി പടർന്ന് കിടന്ന ജ്വല്ലറി ഗ്രൂപ്പായിരുന്നു ഗുഡ്‌വിന്‍. തൃശൂർ സ്വദേശികളായ സുനിൽ കുമാർ ചെയർമാനും സുധീർ കുമാർ എം.ഡിയുമായ ഗുഡ്‌വിന്‍ ഗ്രൂപ്പ്, മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് 500 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ജ്വല്ലറിയുടെ മറവിൽ ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയാണ് ഇവർ ചെയ്തത്.

രണ്ട് സ്കീമുകളാണ് ഇവർ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. ആദ്യത്തേത് വാർഷിക നിക്ഷേപങ്ങൾക്ക് 16 ശതമാനം പലിശ, രണ്ടാമത്തേത് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപത്തിന് അനുപാതികമായ സ്വർണ്ണം അല്ലെങ്കിൽ പണം. ചിട്ടി മാതൃകയിൽ മുൻകൂട്ടി നിശ്ചയിച്ച കാലാവധിയിലേക്ക് മാസവും ഇൻസ്റ്റാൾമെന്‍റായി പണം നിക്ഷേപിക്കാം. ഒരു വർഷത്തേക്കാണ് നിക്ഷേപമെങ്കിൽ 11 മാസത്തെ ഇൻസ്റ്റാൾമെന്‍റ് മാത്രം നിക്ഷേപകൻ നൽകിയാൽ മതി. ശേഷിക്കുന്ന ഒരു മാസത്തെ പണം ഗുഡ്‌വിന്‍ ജ്വല്ലറി നൽകും. ഇത് വർഷം കൂട്ടി നിക്ഷേപിച്ചാൽ 20 ശതമാനം വരെ പലിശ എന്ന മോഹന വാഗ്ദാനവും ഇവർ നിക്ഷേപകർക്ക് മുന്നില്‍വെച്ചു.

എന്നാൽ നിക്ഷേപങ്ങൾ സ്വീകരിച്ച ഇവർ ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷരാവുകയായിരുന്നു. തുടർന്ന് കബളിപ്പിക്കപ്പെട്ട നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. മഹാരാഷ്ട്രയിലെ മലയാളികളും ഇതരസംസ്ഥാനക്കാരുമായി ആയിരക്കണക്കിന് ആളുകളാണ് തട്ടിപ്പിന് ഇരയായത്. നിക്ഷേപകരെ പറ്റിച്ച് സുനിൽ കുമാറും സുധീർ കുമാറും മുങ്ങിയതിന് പിന്നാലെ, ഇരുന്നൂറിലധികം പേർ ഡോംബിവാലി പോലീസ് സ്റ്റേഷനിൽ മാത്രം പരാതിയുമായി എത്തി . ജ്വല്ലറിക്ക് ശാഖകളുള്ള മറ്റിടങ്ങളിലും പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിന് ഇരയായ 1154 പേരാണ് പരാതിയുമായി രംഗത്ത് വന്നത്. താനെയിൽ മാത്രം 300 ൽ അധികം പരാതികൾ ഉയർന്നു.

2019 ഡിസംബർ 14 ന് ഇരുവരെയും താനെ പൊലീസ് അറസ്റ്റ് ചെയ്തു. 1992 മുതൽ സ്വർണ്ണാഭരണ നിർമ്മാണ വിതരണ മേഖലയിൽ ഉണ്ട്. 1998 – 2002 കാലഘട്ടത്തിൽ മുംബൈയിലെ പ്രമുഖ ജ്വല്ലറികൾക്ക് ഇവർ സ്വർണ്ണം വിതരണം ചെയ്തു. 2004 ൽ മുംബൈയിൽ സ്വന്തമായി ജ്വല്ലറി ആരംഭിച്ചു. ശേഷം മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിലെ മലയാളി അസോസിയേഷനുകളുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ച് ജനങ്ങളിൽ വിശ്വാസ്യത ആർജിക്കുകയാണ് ഗുഡ് വിൻ ഗ്രൂപ്പ് ചെയ്തത്.

https://www.facebook.com/JaihindNewsChannel/videos/1409711899223274