മോദിയെ പരിഹസിച്ച് ഡിആര്‍ഡിഒയ്ക്ക് അഭിനന്ദനമേകി രാഹുല്‍

Jaihind Webdesk
Wednesday, March 27, 2019

മിഷന്‍ ശക്തിയുടെ വിജയത്തില്‍ ഡിആര്‍ഡിഒയുടെ സേവനത്തെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ലോക നാടക ദിനാശംസകള്‍ പ്രധാനമന്ത്രി മോദിയ്ക്ക് നേരാനും അദ്ദേഹം മറന്നില്ല.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നേരത്തെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും എന്നറിയിച്ച് വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി ഡിആർഡിഒയുടെ ഉപഗ്രഹവേധ മിസൈലിന്‍റെ വിജയം അറിയിച്ചത്. ചാര ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് തകർത്തെന്ന അവകാശവാദവുമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനം ചെയതത്. മൂന്ന് മിനിറ്റിൽ മിഷൻ ശക്തി പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതോടെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. മൂന്നു മിനിട്ടിൽ ഇന്ത്യ ലക്ഷ്യം കണ്ടു. മിഷൻ ശക്തി എന്നായിരുന്നു പദ്ധതിയുടെ പേര്. തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ആയിരുന്നു ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിആര്‍ഡിഒയുടെ സേവനത്തെ അഭിനന്ദിയ്ക്കുകയും പുകഴ്ത്തുകയും ചെയ്ത കോണ്‍ഗ്രസ് രാജ്യത്തെ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായ ഡിആര്‍ഡിഒ സ്ഥാപിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ദീര്‍ഘവീക്ഷണത്തെ അനുസ്മരിച്ചു.

പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആർഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്രുവിന് നന്ദിയെന്ന് വി.ടി. ബല്‍റാം എംഎല്‍എ ഫെയ്സ് ബുക്കില്‍ കുറിച്ചു.