സംസ്ഥാനത്ത് ചൂട് കനക്കുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിർദേശം

Jaihind Webdesk
Wednesday, April 10, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രിവരെ രേഖപ്പെടുത്തി. അതേസമയം ചൂട് കനക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുത ഉപയോഗത്തിലും റെക്കോർഡ് കണക്കാണ്  രേഖപ്പെടുത്തുന്നത്.

14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് താപനില. പാലക്കാട് ഉള്‍പ്പടെ വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് അറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂടിന് സാധ്യത. 41 ഡിഗ്രിവരെ താപനില ഉയർന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പെങ്കിലും ചിലയിടങ്ങളിൽ 45 ഡിഗ്രിവരെ രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കണ്ണൂർ, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസ‍ർകോട്, എറണാകുളം, ആലപ്പുഴ, ജില്ലകളിൽ 37 വരെയും തിരുവനന്തപുരം , മലപ്പുറം, ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത.