വഖഫ് നിയമ ഭേദഗതി ബില്‍ 12 നു ലോക്സഭയില്‍ അവതരിപ്പിക്കും. ബില്ലിന്മേല്‍ 8 മണിക്കൂര്‍ ചര്‍ച്ച നടക്കും. സഭയില്‍ ഹാജരാകാന്‍ എം.പിമാര്‍ക്കു കോണ്‍ഗ്രസും ബി.ജെ.പിയും സമാജ് വാദി പാര്‍ട്ടിയും വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംപിമാരും പാര്‍ലമെന്റ് നടപടികള്‍ക്കു മുമ്പായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗം തീരുമാനിച്ചു. സഭയെ തടസപ്പെടുത്തുകയോ വോക്കൗട്ട് നടത്തുകയോ ചെയ്യില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കാനാണു തീരുമാനം . മുന്നണിക്കു പുറത്തുള്ള അണ്ണാ ഡി.എം.കെയും ബി.ആര്‍.എസും ബില്ലിനെതിരേ വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ബിജു ജനതാദള്‍ തീരുമാനമെടുത്തിട്ടില്ല.
ഇന്ത്യന്‍ മുസ് ലിംകളെ ഏറെ ആശങ്കപ്പെടുത്തുന്ന വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത കേരള പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കടുത്ത വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ച് വിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പലരും ശ്രമിക്കുന്നത്. അതിലൂടെ തകര്‍ന്ന് പോവുന്നത് രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും നാടിന്റെ സൗഹൃദാന്തരീക്ഷവുമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. വഖ്ഫ് നിയമത്തെ തെറ്റുദ്ധരിപ്പിച്ചുകൊണ്ട് വഖ്ഫ് സ്വത്തുക്കള്‍ കയ്യേറാന്‍ അവസരമൊരുക്കുന്ന നിയമനിര്‍മ്മാണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും അതിന്റെ പേരിലുള്ള നുണപ്രചാരണങ്ങളില്‍ മതേതര പാര്‍ട്ടികള്‍ വീണുപോവരുതെന്നും തങ്ങള്‍ പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ശ്രമം. എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ ടി.ഡി.പി. ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരു കക്ഷിയായ ജെ.ഡി.യു. നിലപാടു പ്രഖ്യാപിച്ചിട്ടില്ല