‘എ.കെ ആന്‍റണി പറഞ്ഞതിൽ എന്താണിത്ര അപാകത? സി.പി.എമ്മുകാർക്ക് ഇതെന്തുപറ്റിയെന്ന് വി.ടി ബല്‍റാം

Jaihind News Bureau
Friday, May 15, 2020

കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്‍റണിയുടെ ഒരു അഭിമുഖത്തെ വളച്ചൊടിച്ച് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്യുന്ന സിപിഎമ്മുകാർക്കെതിരെ വി.ടി. ബല്‍റാം എംഎല്‍എ. എ.കെ ആന്‍റണി ഈ പറഞ്ഞതിൽ എന്താണിത്ര അപാകത? ആരോഗ്യമേഖലയിൽ കേരളത്തിന്‍റെ വളർച്ചയെ ചരിത്രപരമായി വിശകലനം ചെയ്തതിനെയാണോ ‘രാജഭക്തി’യായൊക്കെ വളച്ചൊടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ഓരോ ദിവസവും കോൺഗ്രസിലെ ഓരോ നേതാവിനെ വീതം തെരഞ്ഞുപിടിച്ച് അധിക്ഷേപിക്കുക എന്നതാണോ സിപിഎമ്മുകാരുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ ചോദിക്കുന്നു.

ആരോഗ്യമേഖലയിൽ കേരളത്തിന്‍റെ വളർച്ചയെ ചരിത്രപരമായി വിശകലനം ചെയ്ത് എ.കെ ആന്‍റണി പറഞ്ഞ കാര്യങ്ങള്‍ പങ്കുവച്ച ശേഷമാണ് വിഷയത്തെ വളച്ചൊടിച്ച സിപിഎമ്മിനെതിരെ വി.ടി. ബല്‍റാം ചോദ്യങ്ങളുന്നയിച്ചിരിക്കുന്നത്. കുറിപ്പിന്‍റെ പൂർണരൂപം താഴെ ചേർക്കുന്നു :

“തിരുവനന്തപുരത്ത് ജനറൽ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂർ മഹാരാജാവാണ്. വാക്സിൻ കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബമാണ്. അത് കഴിഞ്ഞ് ക്രിസ്ത്യൻ മിഷണറിമാർ വന്നു. പിന്നെ എല്ലാ സമുദായ സംഘടനകളും വന്നു. പിന്നീട് തിരുവിതാംകൂറിലെ പട്ടം താണുപിള്ള സർക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സർക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നു.

ഒടുവിൽ കേരളം വന്നു. മാറിമാറി വന്ന എല്ലാ ഗവൺമെന്‍റുകൾക്കും ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനുമാണ് ഏറ്റവും ഊന്നൽ കൊടുത്തത്. റവന്യൂ വരുമാനത്തിന്‍റെ ഏറ്റവും കൂടുതൽ പോകുന്നത് ഈ വിഭാഗങ്ങളിലാണ്. അങ്ങനെ തുടർച്ചയായി വന്ന വിവിധ ജനകീയ സർക്കാരുകളുടെ പ്രവർത്തന ഫലമായാണ് വേറെ ഒരിടത്തും ഇല്ലാത്ത വിധത്തിൽ ആരോഗ്യരംഗം ശക്തമായിരിക്കുന്നത്.

സംസ്ഥാന തല ആശുപത്രികളും ജില്ലാ തല ആശുപത്രികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വിധത്തിൽ പ്രൈമറി ഹെൽത്ത് സെന്‍ററുകളും ഇവിടെയുണ്ട്. അപ്പോൾ പറഞ്ഞു വരുന്നത് രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങൾ ഒരു സർക്കാരും നിർത്തിയിട്ടില്ല എന്നാണ്.

അതിന്‍റെയൊക്കെ ഫലമായാണ് കേരളത്തിന് ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായത്. ഇപ്പോഴത്തെ സർക്കാരും അത് തുടരുന്നു, ആരോഗ്യ രംഗത്ത് ശ്രദ്ധിക്കുന്നു.

അതാണ് കേരളം ഒന്നാം സ്ഥാനത്താകുന്നതിന്‍റെ പ്രധാന കാരണം”,
ആന്‍റണി വ്യക്തമാക്കി.

ശ്രീ എ കെ ആന്‍റണി ഈ പറഞ്ഞതിൽ എന്താണിത്ര അപാകത? ആരോഗ്യമേഖലയിൽ കേരളത്തിന്‍റെ വളർച്ചയെ ചരിത്രപരമായി വിശകലനം ചെയ്ത ഇതിനെയാണോ ‘രാജഭക്തി’യായൊക്കെ വളച്ചൊടിക്കുന്നത്? ഈ സിപിഎമ്മുകാർക്ക് ഇതെന്തുപറ്റി? ഓരോ ദിവസവും കോൺഗ്രസിലെ ഓരോ നേതാവിനെ വീതം തെരഞ്ഞുപിടിച്ച് അധിക്ഷേപിക്കുക എന്നതാണോ നിങ്ങളുടെ ഏക ലക്ഷ്യം?