“#അവർക്ക്_ഭയമാണ്… എതിരഭിപ്രായത്തിന്‍റെ നേർത്ത ലാഞ്ഛന പോലും ഉൾക്കൊള്ളാനാവാത്ത ഭീരുക്കളാണവർ” യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുന്ന എസ്എഫ്ഐ നേതൃത്വത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Wednesday, September 25, 2019

“#അവർക്ക്_ഭയമാണ്… എതിരഭിപ്രായത്തിന്‍റെ നേർത്ത ലാഞ്ഛന പോലും ഉൾക്കൊള്ളാനാവാത്ത ഭീരുക്കളാണവർ” യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുപ്പില്‍ നിന്ന് കെ.എസ്.യുവിനെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ച് കനത്ത തിരിച്ചടി നേരിട്ട എസ്എഫ്ഐ നേതൃത്വത്തെ വിമർശിച്ച് വി.ടി ബൽറാം എം.എൽ.എ രംഗത്ത്. ഭരണഘടനാ സ്ഥാപനങ്ങളേപ്പോലും ദുരുപയോഗിച്ച്, വിദ്യാർത്ഥികളേയും യുവാക്കളേയും വഞ്ചിച്ച്, സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥന്മാരാണവരെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു സ്ഥാനാർഥികൾ മത്സരിക്കുന്നത്. എന്നാല്‍ കെ.എസ്.യു. സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കാന്‍ പല കുതന്ത്രങ്ങളും അധ്യാപകരുടെ ഉള്‍പ്പെടെ പിന്തുണയോടെ എസ്.എഫ്.ഐ നേതൃത്വം ശ്രമിച്ചിരുന്നു. കെ.എസ്.യു നാമനിര്‍ദേശ പത്രികകള്‍ കൂട്ടത്തോടെ തള്ളിയതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒഴിവാക്കപ്പെട്ട രണ്ട് പത്രികകളും അംഗീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ വീണ്ടും പോരാട്ടത്തിന് വഴിയൊരുങ്ങുകയായിരുന്നു.

ജനന തീയതി തെറ്റി എന്ന കാരണം പറഞ്ഞാണ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള പത്രിക തള്ളിയത്. എന്നാല്‍ അഫിഡവിറ്റില്‍ തിരിച്ചറിയല്‍ രേഖ ചേര്‍ത്തിട്ടുള്ളതിനാല്‍ പത്രിക അംഗീകരിക്കണമെന്ന കെ.എസ്.യുവിന്‍റെ ആവശ്യവും റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ചിരുന്നില്ല. വകുപ്പ് മേധാവിയുടെ ഒപ്പില്ല എന്ന കാരണം കാട്ടിയായിരുന്നു മാഗസിന്‍ എഡിറ്റര്‍ സ്ഥാനത്തേയ്ക്കുള്ള പത്രിക തള്ളിയത്.

മത്സരിക്കുന്ന സ്ഥാനങ്ങള്‍ക്കു മുന്‍പേ’ The’ എന്ന ഇംഗ്ലീഷ് പദം ചേര്‍ത്തില്ല എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി തള്ളിയ മറ്റ് മൂന്ന് നാമനിര്‍ദേശ പത്രികകള്‍ കൂടി പ്രതിഷേധം ശക്തമായതോടെ റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഐശ്വര്യ ജോസ്, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ആര്യ .എസ് . നായര്‍, ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി മത്സരിക്കുന്ന അമല്‍ ചന്ദ്ര എന്നിവരുടെ പത്രികകളാണ് പിന്നീട് സ്വീകരിച്ചത്.

നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ക്രൂട്ട്നിയിൽ നോമിനേഷൻ തള്ളിയതെന്നും ഇടത് അധ്യാപക സംഘടനയിലെ അധ്യാപകരാണ് സ്ക്രൂട്ട്നി കമ്മിറ്റിയിലുള്ളതെന്നും കെ എസ് യു ചൂണ്ടിക്കാട്ടിയിരുന്നു. നോമിനേഷൻ തള്ളിയത് രാഷ്ട്രീയപ്രേരിതമായാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. കെ.എസ്.യു നാമനിര്‍ദേശ പത്രികകള്‍ കൂട്ടത്തോടെ തള്ളിയതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ക്കെതിരെയും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ എന്നീ സ്ഥാനങ്ങളിലേയ്ക്കുള്ള പത്രികകള്‍ തള്ളിയതിനെതിരെ കെ.എസ്.യു കോടതിയെ സമീപിച്ചതും കെ.എസ്.യുവിന് അനുകൂല വിധി കോടതി പുറപ്പെടുവിച്ചതും.

വി.ടി.ബല്‍റാം എം.എല്‍.എ.യുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

#അവർക്ക്_ഭയമാണ്

എതിരഭിപ്രായത്തിന്‍റെ നേർത്ത ലാഞ്ഛന പോലും ഉൾക്കൊള്ളാനാവാത്ത ഭീരുക്കളാണവർ.

ആൾക്കൂട്ടത്തിന്‍റെ തിണ്ണമിടുക്കിൽ സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും പതിറ്റാണ്ടുകളോളം അട്ടിമറിച്ച ഫാഷിസ്റ്റുകളാണവർ.

എതിരാളികളില്ലാതെ എല്ലിന്‍റിടയിൽ വറ്റ് കുത്തിയപ്പോൾ തമ്മിൽത്തല്ലിയും സഹപ്രവർത്തകന്‍റെ നെഞ്ചത്ത് കഠാര കുത്തിയിറക്കിയും സ്വന്തം മനസ്സിലെ മൃഗീയതകൾക്ക് ശമനം കണ്ടെത്താൻ ശ്രമിച്ചവരാണവർ.

മനുഷ്യർക്ക് പാടാനും ആടാനും കൂട്ടുകൂടാനും ഒന്നുറക്കെച്ചിരിക്കാനും ശ്വാസം കഴിക്കാനും വരെ തങ്ങളുടെ അനുവാദം വേണമെന്ന കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം തലയിൽപ്പേറുന്ന ചിതൽ ജന്മങ്ങളാണവർ

ഭരണഘടനാ സ്ഥാപനങ്ങളേപ്പോലും ദുരുപയോഗിച്ച്, വിദ്യാർത്ഥികളേയും യുവാക്കളേയും വഞ്ചിച്ച്, സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥന്മാരാണവർ.

അവസാനം ഇതാ,
അവർ ഭയന്നു തുടങ്ങിയിരിക്കുന്നു,
ജനാധിപത്യത്തിന് മുൻപിൽ
വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തിന് മുൻപിൽ
നേരു കാക്കാനുള്ള നിശ്ചയദാർഢ്യത്തിന് മുൻപിൽ

യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രപരമായ പോരാട്ടത്തിന് തയ്യാറെടുക്കുന്ന കെ എസ് യുവിന്‍റെ സഹപ്രവർത്തകർക്ക് അഭിവാദനങ്ങൾ.