‘മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയെതന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആർജ്ജവം എന്നുമുണ്ടാകട്ടെ’; പരിഹസിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Wednesday, May 20, 2020

 

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി സ്വീകരിച്ച സമീപനത്തിനെതിരെ വി.ടി ബല്‍റാം എംഎല്‍എ.  മുഖ്യമന്ത്രിയുടെ പിടിവാശി മൂലം ആശങ്കയിലാണ്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും വികാരമാണ് പ്രതിപക്ഷം  ഉയർത്തിക്കാട്ടിയതെന്നും  എന്നാൽ ക്രിയാത്മക നിർദ്ദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ്  മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുക എന്ന പിണറായി വിജയന്‍റെ പതിവ് കയ്യില് കുത്തലുകളുടെ കാലമൊക്കെ കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ഇത് മനസ്സിലാക്കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയെത്തന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആർജ്ജവം എന്നുമുണ്ടാകട്ടെ’- മുഖ്യമന്ത്രിയെ പരിഹസിച്ച് ബല്‍റാം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള ഉചിതമായ തീരുമാനമെടുത്ത മന്ത്രിസഭക്ക് അഭിനന്ദങ്ങൾ. പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് ക്യാബിനറ്റ്.

എന്നാൽ എന്തിനാണ് ഇതേ ആവശ്യം ഇന്നലെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ചപ്പോൾ അതിനോട് തീർത്തും നിഷേധാത്മകമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശി മൂലം ആശങ്കയിലാണ്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും വികാരമാണ് പ്രതിപക്ഷം ശരിയാംവണ്ണം ഉയർത്തിക്കാട്ടിയത്. എന്നാൽ ക്രിയാത്മക നിർദ്ദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ് ദൗർഭാഗ്യവശാൽ മുഖ്യമന്ത്രിയുടേത്.

പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുക എന്ന പിണറായി വിജയൻ്റെ പതിവ് കയ്യില് കുത്തലുകളുടെ കാലമൊക്കെ കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ഇത് മനസ്സിലാക്കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയെത്തന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആർജ്ജവം എന്നുമുണ്ടാകട്ടെ.