സി.പി.എമ്മിന്‍റെ ഭയാശങ്കകള്‍ ; പൊന്നാനിയിലും വടകരയിലും പ്രചാരണത്തിന് വി.എസില്ല

Thursday, March 28, 2019

VS-Jayarajan-Anwar-

മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂളില്‍ നിന്ന് വടകര, പൊന്നാനി മണ്ഡലങ്ങള്‍ ഒഴിവാക്കി. വടകരയില്‍ പി ജയരാജനും പൊന്നാനിയില്‍ പി.വി അന്‍വറുമാണ് സി.പി.എമ്മിന്‍റെ സ്ഥാനാര്‍ത്ഥികള്‍. ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് ശേഷം മണ്ഡലം പിടിക്കാന്‍ അക്രമരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ആരോപണവിധേയനായ പി ജയരാജനെ നിയോഗിച്ച സി.പി.എം നിലപാടില്‍ വി.എസിന് കടുത്ത അതൃപ്തിയാണ് ഉണ്ടായിരുന്നത്.സി.പി.എം പ്രവര്‍ത്തകനും പിന്നീട് ആര്‍.എം.പിയുടെ സ്ഥാപക നേതാവുമായ ചന്ദ്രശേഖരന്‍റെ കൊലപാതകത്തില്‍ സി.പി.എം നിലപാടിനെ അതിരൂക്ഷമായി വിമര്‍ശിച്ച് വി.എസ് രംഗത്തുവന്നിരുന്നു. അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനാണ് ഇപ്പോള്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയെന്നതും ശ്രദ്ധേയമാണ്. വി.എസ് പ്രചരണത്തിനെത്തിയാല്‍ ചന്ദ്രശേഖരന്‍ വധം അടക്കമുള്ള വിഷയങ്ങളില്‍ വി.എസ് എടുത്ത നിലപാടുകള്‍ പാർട്ടിക്ക് തിരിച്ചടിയാകുമോയെന്ന വിലയിരുത്തലും സി.പി.എമ്മിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ചന്ദ്രശേഖരന്‍റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ രമയോടുള്ള വി.എസിന്‍റെ അടുപ്പവും പ്രചാരണരംഗത്ത് വി.എസ് എത്തിയാല്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് വിലയിരുത്താന്‍ സി.പി.എമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല.

അതുപോലെതന്നെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കോഴിക്കോട് കക്കാടംപൊയിലില്‍ പി.വി അന്‍വറിന്‍റെ ഉടമസ്ഥതയിലുള്ള  വാട്ടർ തീം പാർക്കിനെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദങ്ങളായിരുന്നു ഉയർന്നത്. വിഷയത്തില്‍ പി.വി അന്‍വറിനെതിരായ നിലപാടായിരുന്നു വി.എസ് സ്വീകരിച്ചിരുന്നത്. ഇത്തരം വിവാദങ്ങള്‍ക്ക് പിന്നാലെ കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസുകളിലും ആരോപണവിധേയനായ അന്‍വറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിലും വി.എസ് കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വി.എസിന്‍റെ പ്രചാരണ ഷെഡ്യൂളില്‍ നിന്ന് ഇരു സ്ഥാനാര്‍ത്ഥികളുടെയും മണ്ഡലങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും പ്രചാരണത്തിന് വി.എസ് എത്തിയാല്‍ ഫലം വിപരീതമാകുമോ എന്ന ആശങ്കയും സി.പി.എമ്മിനെ കുഴക്കുന്നുണ്ട്.

കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്‍റെ മുഖ്യ പ്രചാരകനായി വി.എസിനെ പാര്‍ട്ടി അവരോധിച്ചിരുന്നു. എന്നാല്‍ ഇത്തവണ തുടക്കം മുതല്‍ പ്രചാരണരംഗത്തുനിന്നും മാറിനില്‍ക്കാന്‍ വി.എസ് ശ്രദ്ധിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ സി.പി.എം വി.എസിനെ രംഗത്തിറക്കാന്‍ സമ്മര്‍ദ്ദം തുടര്‍ന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ഇ.എം.എസ് അനുസ്മരണത്തില്‍ വിഎസിനെ  പങ്കെടുപ്പിച്ചാണ് പാര്‍ട്ടി പ്രചാരണ രംഗത്ത് അദ്ദേഹത്തെ സജീവമാക്കിയത്.