തിരുവനന്തപുരം: ജാതി സംഘടനകളെ ഒപ്പം നിര്‍ത്തിയുള്ള വര്‍ഗ്ഗസമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍. ഹിന്ദുത്വ വാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗ്ഗ സമരത്തിന്റെ രീതിശാസ്ത്രം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് എന്‍.സി ശേഖരിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://youtu.be/fvmyX-1pHeM
നമുക്ക് എതിര്‍ത്ത് തോല്‍പ്പിക്കാനുള്ളത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തെയാണ്. സമൂഹത്തില്‍ സവര്‍ണ്ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനാണ് അവര്‍ ജാതിസംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാവില്ലെന്നും വി.എസ് ഓര്‍മ്മപ്പെടുത്തി. ഒരു ബൂര്‍ഷ്വാ സമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ അണികളിലെത്തിക്കുന്നതും അവരെ കര്‍മ്മരംഗത്തേക്ക് ആനയിക്കുന്നതും അത്ര എളുപ്പമല്ല. അംഗങ്ങള്‍ നല്ല കമ്മ്യൂണിസ്റ്റായിരിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരശേഷിക്ക് അത്യാവശ്യമാണ്. ബൂര്‍ഷ്വാസമൂഹത്തിലാണ് കമ്മ്യൂണിസ്റ്റുകാരന്‍ പ്രവര്‍ത്തിക്കുന്നതെന്നും വി.എസ് പറഞ്ഞു.
ജനങ്ങളെ വര്‍ഗ്ഗീയമായി വേര്‍പിരിക്കാനെളുപ്പമാണ്. എന്നാല്‍ വര്‍ഗ്ഗപരമായി സംഘടിപ്പിക്കാന്‍ ഏറെ പ്രയാസവുമാണ്. ബി.ജെ.പി ശ്രമിക്കുന്നത് സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിര്‍ത്താനാണ്. നമുക്കേറ്റെടുക്കാനുള്ള കടമ വര്‍ഗ്ഗ ഐക്യം കെട്ടിപ്പടുക്കാനുമാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് വിവാദമായിരിക്കെ വി.എസിന്റെ പ്രതികരണത്തിന് വലിയ രാഷ്ട്രീയ മാനമാണ് കല്‍പ്പിക്കപ്പെടുന്നത്. സാമുദായിക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി, നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് വനിതാ മതില്‍ തീര്‍ക്കുന്നതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് വി.എസിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.