എസ്. രാജേന്ദ്രനെതിരെ വി.എസ്; എം.എല്‍.എയുടെ പെരുമാറ്റം ശരിയായില്ല

Jaihind Webdesk
Tuesday, February 12, 2019

തിരുവനന്തപുരം: ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. വനിതാ സബ്കളക്ടറോടുള്ള എം.എല്‍.എയുടെ പെരുമാറ്റം ശരിയായില്ലെന്ന് വി.എസ് പറഞ്ഞു.

സബ് കലക്ടറെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധിക്ഷേപിച്ച നടപടി തെറ്റെന്ന് നേരത്തെ സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും വ്യക്തമാക്കിയിരുന്നു.  ഇതോടെ രാജേന്ദ്രനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

വനിത കൂടിയായ ദേവികുളം സബ്കലക്ടര്‍ രേണുരാജിനെതിരെ മോശം പരാമര്‍ശം നടത്തിയതോടെ എസ് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കട്ടപ്പനയില്‍ ചേര്‍ന്ന സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റാണ് വിഷയത്തില്‍ രാജേന്ദ്രനെ പരസ്യമായി തള്ളിയത്. എം.എല്‍.എയുടെ പരാമര്‍ശം അനുചിതമെന്നും പാര്‍ട്ടി നിലപാടുകള്‍ക്ക് എതിരെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. സ്ത്രീസമത്വവും ശാക്തീകരണവുമാണ് സി.പി.എമ്മിന്‍റെ നിലപാടെന്നും വനിതാ ഉദ്യോഗസ്ഥയോടുള്ള രാജേന്ദ്രന്‍റെ പരാമര്‍ശം തെറ്റായിപ്പോയെന്നും പാര്‍ട്ടി വിലയിരുത്തി.