മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ പിണറായിക്ക് അർഹതയില്ല; രാജിവെച്ച് അന്വേഷണങ്ങള്‍ക്ക് വിധേയനാകണമെന്ന് വി.എം സുധീരന്‍

Jaihind News Bureau
Thursday, July 16, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാനത്തിന് തന്നെയും അപമാനകരമായ നിലയിൽ കുറ്റവാളികളുടെ  താവളമാക്കി തന്‍റെ ഓഫീസിനെ മാറ്റുന്നതിന് ഇടവരുത്തിയ പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികവും ഭരണപരവും നിയപരവുമായ അര്‍ഹതതന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. കുറ്റാന്വേഷക ഏജന്‍സികളുടെ ചേദ്യങ്ങള്‍ക്ക്  പിണറായി തന്നെ മറുപടിപറയേണ്ട ഘട്ടത്തിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. അതിനാല്‍ എത്രയും വേഗത്തില്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞ് അന്വേഷണങ്ങള്‍ക്ക് വിധേയനാകാന്‍ പിണറായി ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്ത്‌കേസിലെ പ്രതികളുമായി നിരന്തര സമ്പര്‍ക്കത്തിലായതും അവര്‍ക്കുവേണ്ടി തന്‍റെ ഫ്ലാറ്റിലും പുറത്തും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതും അതീവഗുരുതരമായ കുറ്റകൃത്യമാണ്. അനഭിലഷണീയവും ചട്ടവിരുദ്ധവുമായ  ഇടപെടലുകള്‍ തന്‍റെ കീഴില്‍ നടന്നിട്ടും  അതൊന്നും അറിയാതെ പോയെങ്കില്‍  മുഖ്യമന്ത്രിയെക്കുറിച്ച് സഹതപിക്കുകയേ നിവര്‍ത്തിയുള്ളൂവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം

സംസ്ഥാന ചരിത്രത്തില്‍ ഇന്നോളം ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യസുരക്ഷയ്ക്കുപോലും ഭീഷണി ഉയര്‍ത്തുന്ന സ്വര്‍ണ്ണകള്ളക്കടത്ത് മാഫിയുമായിട്ടുള്ള ബന്ധത്തിന്റെപേരില്‍ ഇത്രയേറെ കുറ്റാരോപിതമായിട്ടില്ല. ഇപ്പോഴാകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥപ്രമുഖരില്‍ ഒന്നാമന്‍ തന്നെയാണ് ആരോപണവിധേയനായിട്ടുള്ളത്.
ബഹു മുഖ്യമന്ത്രിയുടെ സെക്രട്ടറി (Secretary to Chief Minister) സ്വര്‍ണ്ണക്കള്ളക്കടത്ത്‌കേസിലെ പ്രതികളുമായി നിരന്തര സമ്പര്‍ക്കത്തിലായതും അവര്‍ക്കുവേണ്ടി തന്റെ ഫ്‌ളാറ്റിലും പുറത്തും സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്തതും അതീവഗുരുതരമായ കുറ്റകൃത്യമാണ്. ഇതെല്ലാം ഒന്നോരണ്ടോ ദിവസങ്ങള്‍കൊണ്ട് നടന്നതല്ല. മറിച്ച് ഏറെക്കാലമായിട്ടുള്ള ബന്ധമാണെന്ന് ഇതിനോടകം വ്യക്തമായിട്ടുമുണ്ട്.

ഐ.ടി.സെക്രട്ടറിയായി കൂടി പ്രവര്‍ത്തിക്കുന്ന തന്റെ നേര്‍കീഴിലുള്ള സെക്രട്ടറിയും കൂട്ടരും നടത്തിവന്നിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനു ചേരാത്തതും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹു മുഖ്യമന്ത്രി അറിയാതെപോയിഎന്ന് ആര്‍ക്കും പറയാനാവില്ല. അനഭിലഷണീയവും ചട്ടവിരുദ്ധവുമായ ഇത്രയേറെ ഇടപെടലുകള്‍ തന്റെ കീഴില്‍ നടന്നിട്ടും അതൊന്നും അറിയാതെപോയെങ്കില്‍ ആ മുഖ്യമന്ത്രിയെക്കുറിച്ച് സഹതപിക്കുകയേ നിവര്‍ത്തിയുള്ളൂ. ഒരു മുഖ്യമന്ത്രിയുടെ ഭരണപരമായ കഴിവുകേടിന്റെ യഥാര്‍ത്ഥ പ്രതിഫലനം തന്നെയാണിത്. ആ സ്ഥാനത്തിരിക്കുന്നതിനുള്ള തന്റെ അര്‍ഹതയില്ലായ്മയാണ് ഇതെല്ലാം തെളിയിക്കുന്നത്.

ഒരു മുഖ്യമന്ത്രിക്കും മറ്റേതൊരു മന്ത്രിക്കും തന്റെ സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. മുഖ്യമന്ത്രിയുടേയോ അതാത് മന്ത്രിമാരുടേയോ നിര്‍ദ്ദേശാനുസരണമാണ് സെക്രട്ടറിമാര്‍ പ്രവര്‍ത്തിക്കുക. മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നതും അവരെല്ലാവരുമായി ഇടപെടുന്നതും ആരുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുവോ അവര്‍ക്കുവേണ്ടിയാണെന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് സെക്രട്ടറിമാരുടെ ഓരോ നടപടിയിലും അവരെ നിയോഗിച്ച മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പൂര്‍ണ്ണ ഉത്തരവാദിത്തം ഉണ്ടെന്നത് അനിഷേധ്യമാണ്. (ഇക്കാര്യം 07.07.2020 ല്‍ത്തന്നെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു).

ഈ സാഹചര്യത്തിലാണ് ശിവശങ്കര്‍ ഐ.എ.എസിന്റെയും കൂട്ടരുടെയും നിയമവിരുദ്ധമായ നടപടികള്‍ക്ക് ധാര്‍മ്മികമായും നിയമപരമായും ഭരണപരമായും മുഖ്യമന്ത്രി ഉത്തരവാദിയാകുന്നത്. ശിവശങ്കര്‍ ഐ.എ.എസ്സിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിസ്ഥാനത്തുനിന്നും ഐ.റ്റി. സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയതൊഴിച്ചാല്‍ മറ്റുനടപടികളിലേയ്ക്കു കടക്കാന്‍ ബഹു. മുഖ്യമന്ത്രി പതറുന്നത് അങ്ങേയറ്റം ദുരൂഹമാണ്. ഇത്രയേറെ ആരോപണങ്ങള്‍ക്ക് വിധേയനായ ശിവശങ്കറിനെ സ്വാഭാവികമായി സര്‍വ്വീസില്‍നിന്നും എത്രയോ നേരത്തേതന്നെ സസ്‌പെന്‍ഡ് ചെയ്യേണ്ടതും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമായിരുന്നു. അത്തരത്തില്‍ മുന്നോട്ടു പോകാന്‍ തയ്യാറാകാതെ ഇപ്പോഴും ശിവശങ്കറിനെ പ്രത്യക്ഷമായും പരോക്ഷമായും സംരക്ഷിച്ചുവരുന്ന മുഖ്യമന്ത്രിയുടെ നിലപാടിന് യാതൊരു ന്യായീകരണവുമില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് വരട്ടേയെന്നൊക്കെ തൊടുന്യായങ്ങള്‍ പറഞ്ഞ് മുന്നോട്ടോപോയപ്പോള്‍ നഷ്ടപ്പെട്ടത് ബഹു മുഖ്യമന്ത്രിയുടെ വിശ്വാസ്യതതന്നെയാണ്.

തന്നെയുമല്ല “സംസ്ഥാനത്തെ മന്ത്രിയെന്ന നിലയില്‍ എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വ്വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുശാസിക്കും വിധം ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാജനങ്ങള്‍ക്കും നീതി നടപ്പാക്കുമെന്നും” സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്ത ബഹു. മുഖ്യമന്ത്രിയുടെ നഗ്നമായ സത്യപ്രതിജ്ഞാലംഘനവുമാണിത്. തന്റെ പ്രതിജ്ഞയ്ക്കു വിരുദ്ധമായി തികച്ചും പക്ഷപാതപരമായും വഴിവിട്ടും ശിവശങ്കര്‍ ഐ.എ.എസ്സിനെയും കൂട്ടരെയും സംരക്ഷിച്ച മുഖ്യമന്ത്രി നിയമവാഴ്ചയെത്തന്നെയാണ് അവഹേളിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാനത്തിന് തന്നെയും അപമാനകരമായ നിലയിൽ കുറ്റവാളികളുടെ ഒരു താവളമാക്കി തൻറെ ഓഫീസിനെ മാറ്റുന്നതിന് ഇടവരുത്തിയ പിണറായിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികവും ഭരണപരവും നിയപരവുമായ അര്‍ഹതതന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. രാജ്യാന്തര കള്ളക്കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന കുറ്റാന്വേഷക ഏജന്‍സികളുടെ ചേദ്യങ്ങള്‍ക്ക് ബഹു പിണറായിതന്നെ മറുപടിപറയേണ്ട ഘട്ടത്തിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

അതിനാല്‍ എത്രയുംവേഗത്തില്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞ് അന്വേഷണങ്ങള്‍ക്ക് വിധേയനാകാന്‍ പിണറായി ബാധ്യസ്ഥനാണ്. സ്വര്‍ണ്ണക്കള്ളക്കടത്തും ബന്ധപ്പെട്ട മറ്റു കുറ്റകൃത്യങ്ങളും സംബന്ധിച്ച് നിലവിലെ എന്‍.ഐ.എ, കസ്റ്റംസ് അന്വേഷണങ്ങള്‍ക്കുപുറമെ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എന്നീ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും സമാന്തരമായി ഉണ്ടാകണം. ഈ കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ കൃത്യമായ ഏകോപനത്തിലൂടെയുള്ള നടപടികള്‍ക്കുമാത്രമേ ഇത്രയേറെ വ്യാപ്തിയുള്ള ഈ കൊടും കുറ്റകൃത്യത്തിനും അതിന്റെ പിന്നിലുള്ള ശക്തികള്‍ക്കുമെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാനാകൂ. ഇക്കാര്യം ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാര്‍ നിറവേറ്റിയേ മതിയാകൂ.

അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ‘ഇന്റര്‍പോളു’മായി ബന്ധപ്പെടുന്ന ഇന്ത്യയിലെ ഔദ്യോഗിക കുറ്റാന്വേഷണ ഏജന്‍സി എന്നനിലയില്‍ക്കൂടി സി.ബി.ഐ. അന്വേഷണം അനിവാര്യമാണ്. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അത്തരത്തില്‍ ഒരു നടപടിയ്ക്ക് തയ്യാറാകാത്തതെന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ മഹാവിപത്തായ കോവിഡ് സമൂഹവ്യാപനത്തിലേയ്ക്ക് എതുസമയവും എത്താവുന്ന അതീവ ആപല്‍ക്കരമായ ഈ അവസ്ഥയില്‍ ആള്‍ക്കൂട്ടത്തെ അണിനിരത്തിക്കൊണ്ടുള്ള ഇന്നത്തെ സമരശൈലിയില്‍ ഒരു പുനപരിശോധന ആവശ്യമാണെന്നാണ് എന്റെ അഭ്യര്‍ത്ഥന.

ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടും സാമൂഹ്യഅകലം പാലിച്ചുകൊണ്ടും എങ്ങനെ ഫലപ്രദമായി പ്രതിഷേധിക്കാനും സമരം ചെയ്യാനുമാകുമെന്ന് ബന്ധപ്പെട്ട എല്ലാവരും സഗൗരവം അലോചിക്കണം. ഇക്കാര്യത്തിലുള്ള ബഹു.ഹൈക്കോടതിയുടെ വിധി എല്ലാവര്‍ക്കും ഒരു പുനര്‍ചിന്തയ്ക്ക് അവസരമൊരുക്കട്ടെ.