ശബരിമല : കേരളത്തിലെ സമാധാനജീവിതം തകരുന്ന അവസ്ഥയിലേക്കെത്തിച്ചത് മോഡി-പിണറായി സർക്കാരുകളുടെ ഗുരുതരമായ വീഴ്ച

Jaihind Webdesk
Tuesday, November 20, 2018

VM-Sudheeran

മോഡി-പിണറായി സർക്കാരുകൾ അവരിലർപ്പിതമായ ജനാധിപത്യപരവും ഭരണഘടനാപരവും ഭരണപരവുമായ ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിൽ വരുത്തിയ ഗുരുതരമായ വീഴ്ചയാണ് ശബരിമല വിഷയത്തിൽ കേരളത്തിലെ സമാധാനജീവിതം തകരുന്ന അവസ്ഥയിലേക്കെത്തിച്ചതെന്ന് വി.എം. സുധീരന്‍.  പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തെ ദുർബലമാക്കിയ സുപ്രീം കോടതിവിധിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയർന്നപ്പോൾ നിയമനിർമ്മാണം നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയ കേന്ദ്രസർക്കാർ ശബരിമലവിഷയത്തിൽ നിഷ്ക്രിയ നിലപാടുമായി മുന്നോട്ടുപോകുന്നത് എന്തുകൊണ്ടെന്നും വി.എം. സുധീരന്‍ ചോദിച്ചു.

ശബരിമലയുടെ കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും എന്തെങ്കിലും കാര്യം ചെയ്യാനുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാരിനാണെന്നും പറഞ്ഞു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറിയത് ഏവരും തികഞ്ഞ അത്ഭുതത്തോടെയാണ് കാണുന്നത്. ബി.ജെ.പി. അധ്യക്ഷൻ അമിത്ഷാ നേരത്തെ കേരളത്തിൽ വന്ന് കലാപം അഴിച്ചുവിടുകയും കേന്ദ്ര ആഭ്യന്തരമന്ത്രി ഇപ്പോൾ നിസംഗനായി പ്രതികരിക്കുന്നതും ബി.ജെ.പിയുടെ കള്ളക്കളിയും ഇരട്ടത്താപ്പുമാണ് വ്യക്തമാക്കുന്നത്. ഇത് കൊടിയ ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സുപ്രീം കോടതിവിധി വന്ന ഉടനെ തന്നെ ഏകപക്ഷീയമായി സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനു അത് വിരുദ്ധമാകുമെന്നുമാണ് പറഞ്ഞത്. ബന്ധപ്പെട്ടവരുമായി ചർച്ചയ്ക്ക് പോലും തയ്യാറാകാതെയായിരുന്നു ഈ പ്രഖ്യാപനം. സ്വതന്ത്രനിലപാട് സ്വീകരിക്കുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ തടസപ്പെടുത്തുകയും ചെയ്തു.

പാതയോര മദ്യശാലാ നിരോധനം സംബന്ധിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കുന്നതിന് ദേശീയ പാതപോലും അതെല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാർ ശബരിമലവിധി നടപ്പിലാക്കുന്നതിന് കാണിച്ച അമിത ആവേശവും അതിവ്യഗ്രതയുമാണ് സംഘർഷം ഇത്രത്തോളം വളരാൻ ഇടവരുത്തിയത്.

ഹിന്ദുമത ശാസ്ത്രത്തിൽ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതർ ഉൾക്കൊള്ളുന്ന ഒരു കമ്മീഷനെ നിയോഗിച്ച് പ്രായവിത്യാസമില്ലാതെ സ്ത്രീയ്ക്ക് ക്ഷേത്രാരാധന അനുവദിക്കാമോ എന്ന് മനസിലാക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിലെ പ്രധാന നിർദ്ദേശം പരിഗണിക്കപ്പെടാതെ പോയ സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് പുനഃപരിശോധനാ ഹർജി നൽകാമായിരുന്നു. ദേവസ്വം ബോർഡിനെ സ്വതന്ത്രമായി ഇടപെടുന്നതിന് അന്നേ അവസരം നൽകാമായിരുന്നു.

ആദ്യഘട്ടത്തിൽ തന്നെ സർവകക്ഷിയോഗമുൾപ്പടെ ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി മുന്നോട്ടുപോയിരുന്നെങ്കിൽ ഇത്രമേൽ സംഘർഷത്തിലേക്ക് സ്ഥിതിഗതികൾ എത്തുമായിരുന്നില്ല.

യഥാർത്ഥത്തിൽ ഭക്തജനങ്ങൾക്ക് പ്രാഥമിക സൗകര്യം പോലും ഏർപ്പെടുത്താൻ കഴിയാത്തതും അതിഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സാവകാശ ഹർജി നൽകേണ്ടിയിരുന്നത് സംസ്ഥാന സർക്കാരായിരുന്നു. അപ്രകാരം ചെയ്തിരുന്നെങ്കിൽ സംഘർഷങ്ങൾ ഈ അവസ്ഥയിലേക്കെത്തുമായിരുന്നില്ല.

വേണ്ടത് വേണ്ട സമയത്ത് ചെയ്യുന്നതിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് വന്ന പാളിച്ചയും പരാജയവും കേരളത്തിലെ സമാധാന ജീവിതം തകരുന്നതിനും പുണ്യഭൂമിയായ ശബരിമലയെ യുദ്ധഭൂമിയാക്കി മാറ്റുന്നതിനും ഇടവരുത്തി എന്നത് യാഥാർത്ഥ്യമാണ്.

ഒരു ഭാഗത്ത് കേന്ദ്രസർക്കാർ പ്രശ്നപരിഹാരത്തിന് അവർക്ക് സാധ്യമായ ഒരു കാര്യവും ചെയ്യാതിരിക്കുകയും മറുഭാഗത്ത് ബി.ജെ.പി നേതൃത്വം രാഷ്ട്രീയ കളികളിലേക്ക് നീങ്ങുകയും ചെയ്തത് ശബരിമലയെ യുദ്ധക്കളമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു എന്നത് അനിഷേധ്യമാണ്.

കേരളത്തിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ക്രിയാത്മ നടപടികളുമായി അടിയന്തിരമായി ഇടപെടാനുള്ള ഉത്തരവാദിത്വവും ബാധ്യതയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്.

രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടുള്ള ജനദ്രോഹ നയസമീപനങ്ങളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്തിരിയണം. ബി.ജെ.പി-സി.പി.എം. നേതൃത്വങ്ങൾ അതിനു തയ്യാറാവുകയും വേണം.

വേണമെന്ന് വിചാരിച്ചാൽ പ്രശ്നപരിഹാരത്തിനു നിയമപരവും ഭരണപരവും രാഷ്ട്രീയവുമായിട്ടുള്ള സാധ്യതകളും പോംവഴികളും കണ്ടെത്താനാകും.

കാര്യങ്ങൾ ആ തലത്തിലേക്ക് നീക്കാൻ തല്പര കക്ഷികൾ തയ്യാറാകുമോ എന്നതാണ് കാതലായ ചോദ്യം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അതിദയനീയമായ ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് ശബരിമലയെ കരുവാക്കരുത് എന്നാണ് ഇരുകൂട്ടരോടുമുള്ള  അഭ്യർത്ഥനയെന്നും വി.എം. സുധീരന്‍ പറഞ്ഞു.