മുല്ലപ്പള്ളിക്കെതിരായ നടപടി ജനാധിപത്യവിരുദ്ധം: വി.എം സുധീരന്‍

Jaihind Webdesk
Saturday, August 31, 2019

VM-Sudheeran-Nov30

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് അനുമതി നൽകിയ സർക്കാർ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍.

ബെഹ്റയെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചത് മഹാ അപരാധമായി കണ്ടുകൊണ്ടാണ് ഈ നടപടി. ഇരിക്കുന്ന പദവിക്കനുസരിച്ച് നീതിപൂർവവും നിഷ്പക്ഷവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്നതിൽ തീർത്തും പരാജയപ്പെട്ട ബെഹ്റ യഥാർത്ഥത്തിൽ പോലീസ് സേനയ്ക്ക് തന്നെ തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിവെച്ചിട്ടുള്ളതെന്നും വി.എം സുധീരന്‍ പറഞ്ഞു. മൃദുവിമര്‍ശനങ്ങളെ പോലും അസഹിഷ്ണുതയോടെ കാണുന്ന പിണറായി സർക്കാരിന്‍റെ ഫാസിസ്റ്റ് മുഖമാണ് പ്രകടമായതെന്നും വി.എം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി.എം സുധീരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് അനുമതി നൽകിയ സർക്കാർ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണ്.

ബെഹ്റയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചത് മഹാ അപരാധമായി കണ്ടുകൊണ്ടാണ് ഈ നടപടി.

ഇരിക്കുന്ന പദവിക്കനുസരിച്ച് നീതിപൂർവ്വവും നിഷ്പക്ഷവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്നതിൽ തീർത്തും പരാജയപ്പെട്ട ബെഹ്റ യഥാർത്ഥത്തിൽ പോലീസ് സേനയ്ക്ക് തന്നെ തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിവെച്ചിട്ടുള്ളത്.

ജനങ്ങളെ രക്ഷിക്കേണ്ട പോലീസ് സംവിധാനത്തിൽ സിപിഎമ്മിന് പ്രിയപ്പെട്ട കുറ്റവാളികൾ പരിരക്ഷിക്കപ്പെടുകയും പോലീസിൽ തന്നെ ക്രിമിനൽ കുറ്റവാളികളുടെ എണ്ണം വൻ തോതിൽ വർധിച്ചു വരികയും ചെയ്യുന്ന ദുസ്ഥിതിയാണുള്ളത്. ഇതൊരു അനിഷേധ്യമായ യാഥാർത്ഥ്യമാണ്.

സിപിഎമ്മിന്റെ താൽപര്യ സംരക്ഷകനായി കൃത്യനിർവഹണത്തിൽ പരാജയപ്പെട്ട് വൻ ജനവിമർശനം ഏറ്റു വാങ്ങുന്ന ബെഹ്റയെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതിൽ ആർക്കും തെറ്റ് പറയാനാകില്ല.

ഇത്തരത്തിലുള്ള മൃദുവിമർശനങ്ങളെ പോലും അസഹിഷ്ണുതയോടെ കാണുന്ന സർക്കാർ അതിൻറെ യഥാർത്ഥ ഫാസിസ്റ്റ് മുഖമാണ് ബെഹ്റയ്ക്ക് നൽകിയ അനുമതിയിലൂടെ തുറന്നു കാണിച്ചത്.

സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടമാടുന്ന രാഷ്ട്രീയ ഫാസിസം അതിൻറെ പാരമ്യത്തിലെത്തിയിരിക്കുന്നു. അതാണ് മുല്ലപ്പള്ളിക്കെതിരെ നിയമ നടപടിക്കുള്ള സർക്കാർ അനുമതി വ്യക്തമാക്കുന്നത്.

അസഹിഷ്ണുതയുടെ പ്രതീകമായ മോഡി ഭരണകൂടത്തിൻ്റെ അതേ പാതയിലൂടെ തന്നെയാണ് പിണറായി ഭരണത്തിൻ്റെയും പോക്ക്.