‘മോദിയെയും ഷായെയും പ്രീതിപ്പെടുത്താനായി നില മറക്കരുത് ; ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കണം’ : വി.എം സുധീരന്‍

Jaihind News Bureau
Sunday, January 19, 2020

VM-Sudheeran

കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകോപനപരമായി നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഭരണഘടനാപരമായി ഗവർണർക്കുള്ള അധികാരങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ശരിയായി പഠിക്കാനും വ്യക്തത  വരുത്താനും ആരിഫ് മുഹമ്മദ് ഖാന്‍ തയാറാകണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

മോദിയെയും അമിത് ഷായെയും പ്രീതിപ്പെടുത്താന്‍ സ്വന്തം നില മറന്നുള്ള പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങളാണ് ഗവർണർ നടത്തുന്നത്. ഗവർണറോട് ചോദിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ സംസ്ഥാന സർക്കാർ പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാവൂ തുടങ്ങിയ അഭിപ്രായങ്ങളും സംസ്ഥാന സർക്കാരിനോട് വിശദീകരണം ചോദിക്കലുമൊക്കെ മോദിയെയും അമിത് ഷായെയും പ്രീണിപ്പിക്കാൻ വേണ്ടിയാണ് എന്നത് വ്യക്തമാണ്.  ഇതെല്ലാം ജനമധ്യത്തില്‍ അദ്ദേഹത്തെ പരിഹാസ്യനാക്കുന്ന നിലപാടുകളാണ്.

അത്യാവശ്യം ചില കാര്യങ്ങളിൽ മാത്രമാണ് ഗവർണർക്ക്  വിവേചനാധികാരമുള്ളത്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മുൻകാലങ്ങളിൽ ഗവർണർ പദവിയിലിരുന്നവർ സ്വീകരിച്ചിട്ടുള്ള ആരോഗ്യകരവും ഭരണഘടനാ തത്വങ്ങൾക്ക് അനുസൃതവുമായ ശരിയായ നിലപാടുകളും പ്രവർത്തന ശൈലിയും ഉൾക്കൊള്ളാൻ തയാറാവുകയും വേണം. ഭരണഘടനാ വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവരുടെ ഉപദേശങ്ങൾ തേടാനും ഗവർണര്‍ തയാറാകണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

സ്വയം തിരുത്താന്‍ ഗവർണർ തയാറാകണം. അല്ലെങ്കില്‍ ഗവർണർ പദവി തലയ്ക്ക് പിടിച്ച മുൻ രാഷ്ട്രീയക്കാരന്‍റെ വകതിരിവില്ലാത്ത ദുർനടപടികളായിട്ടേ ജനം ഇതിനെ വിലയിരുത്തൂ എന്നും വി.എം സുധീരന്‍ പറഞ്ഞു.