‘റിപ്പബ്ലിക് ദിനത്തിൽ മന്ത്രിമാർ പ്രസംഗിച്ചത് എന്ത് ?’; വിശദാംശങ്ങൾ തേടി ഗവർണർ

Jaihind News Bureau
Wednesday, January 29, 2020

arif-mohammad-khan-kerala

അസാധാരണ നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പബ്ലിക്ക് ദിനത്തിൽ മന്ത്രിമാർ ജില്ലകളിൽ നടത്തിയ പ്രസംഗത്തിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ഗവർണറുടെ പി.ആർ.ഒ ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്ക് കത്ത് നൽകി. മന്ത്രിമാരുടെ പ്രസംഗങ്ങൾ പ്രസിദ്ധീകരിച്ച പത്ര കട്ടിംഗുകൾ ആവശ്യപ്പെട്ടാണ് രാ​ജ്ഭ​വ​ൻ പി​ആ​ർ​ഒ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാർക്ക് കത്തയച്ചത്.

പത്ര കട്ടിംഗുകൾ എത്രയും വേഗം അയച്ചു നൽകണമെന്നാണ് രാജ്ഭവന്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. അസാധാരണ നടപടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഗവർണർ പങ്കെടുക്കുന്ന പരിപാടികളുടെ പത്ര കട്ടിംഗുകൾ സാധാരണയായി ആവശ്യപ്പെടാറുള്ളതാണ്. മാത്രമല്ല, മന്ത്രിമാരുടെ പ്രസംഗങ്ങളുടെ വിവരങ്ങള്‍ ഗവര്‍ണര്‍ നേരിട്ട് ആവശ്യപ്പെടുന്ന പതിവില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം ചീഫ് സെക്രട്ടറി വഴിയാണ് നടക്കുന്നത്. ഗവര്‍ണറുടെ പിആര്‍ഒ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ആരായുന്ന പതിവില്ല. ആദ്യമായാണ് മന്ത്രിമാരുടെ പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ രാജ്ഭവൻ ആവശ്യപ്പെടുന്നത്.

എന്നാല്‍ സാധാരണ നടപടി മാത്രമാണ് ഇതെന്നും വാര്‍ഷിക വിവര ശേഖരണത്തിന്‍റെ ഭാഗമായാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇ മെയില്‍ അയച്ചതെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. തൃശ്ശൂര്‍, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ വിവരങ്ങള്‍ കൈമാറിയെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നു.

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ തുടരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഗവർണർ മുന്നോട്ടു വെച്ചതെന്നാണ് സൂചന. പല മന്ത്രിമാരുടെയും പ്രസംഗത്തിൽ പൗരത്വ നിയമഭേദഗതിയെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. പത്ര കട്ടിംഗുകളിലൂടെ സർക്കാർ നിലപാട് കൃത്യമായി മനസ്സിലാക്കുകയാവും ഗവർണറുടെ ലക്ഷ്യം.

എന്നാൽ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ലെ ഭൂ​രി​ഭാ​ഗം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രും സ​ന്ദേ​ശ​ത്തോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചു​മ​ത​ല​യിലാണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കുപ്പ്. വകുപ്പിൽ നിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നീക്കാമെന്നാണ് ഇവർ കരുതുന്നത്.