വിശ്വാസസംരക്ഷണ യാത്ര ഏറ്റെടുത്ത് ജനങ്ങള്‍

Jaihind Webdesk
Monday, November 12, 2018

K-Sudhakaran-Yathra-10

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തി. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സ്വീകരണ പൊതുയോഗങ്ങളാണ് വിവിധ ഇടങ്ങളിൽ നടന്നത്. വിശ്വാസ സംരക്ഷണയാത്ര നാളെ മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.

ജില്ലാ അതിർത്തിയായ തൊട്ടിൽപ്പാലത്ത് വെച്ച് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദിഖിന്‍റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ജാഥാ നായകൻ കെ സുധാകരനെ വരവേറ്റു.

പേരാമ്പ്രയിൽ നിന്നാണ് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ് കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയുടെ കോഴിക്കോട് ജില്ലയിലെ പര്യടനം ആരംഭിച്ചത്. കടുത്ത വെയിലിനെയും അവഗണിച്ച് ആയിരങ്ങളാണ് സ്വീകരണ പൊതുയോഗത്തിന് എത്തിച്ചേര്‍ന്നത്.

തുടർന്ന് കൊയിലാണ്ടിയിൽ എത്തിയ കെ സുധാകരന് ഹൃദ്യമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. എം.കെ രാഘവൻ എം.പി സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

ശ്രീരാമകൃഷ്ണആശ്രമം കൊയിലാണ്ടി മഠാധിപതി സുന്ദരാനന്ദ സ്വാമി, വലിയിടത്ത് പളളിയിലെ ഇമാം ഷാഫി എന്നിവർ സ്വീകരണയോഗത്തിൽ പങ്കെടുത്തു.
തുടർന്ന് ജില്ലാ ആസ്ഥാനത്ത് എത്തിയ കെ സുധാകരനെ നൂറുകണക്കിനാളുകൾ മുദ്രാവാക്യം വിളിയുടെയും വാദ്യമേളത്തിന്‍റെയും അകമ്പടിയോടെ പൊതുയോഗ നഗരിയായ മുതലക്കുളം മൈതാനിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. മുതലക്കുളം മൈതാനിയിൽ നടന്ന പൊതുയോഗം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് എം.കെ രാഘവൻ എം.പി നടത്തിയത്. ശബരി മല വിഷയത്തിൽ സർക്കാരും മാർക്സിസ്റ്റ് പാർട്ടിയും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് എം.കെരാഘവൻ എം.പി പറഞ്ഞു.

ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മിന്‍റെയും നിലപാടുകളെ കടുത്ത ഭാഷയിലാണ് ജാഥാനായകൻ വിമർശിച്ചത്.

എം.എൽ.എമാരായ കെ.എൻ.എ ഖാദർ, ശബരീനാഥ്, കെ.പി.സി.സി, ഡി.സി.സി പോഷക സംഘടനാ നേതാക്കളും വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ സംസാരിച്ചു.
കെ സുധാകരൻ നേതൃത്വം നൽകുന്ന വിശ്വാസ സംരക്ഷണയാത്ര ജനങ്ങൾ ഏറ്റെടുത്ത കാഴ്ചയാണ് കോഴിക്കോട് ജില്ലയിലും കാണാൻ കഴിഞ്ഞത്.