തീരാനൊമ്പരമായി വിസ്മയ; കേസിന്‍റെ നാള്‍വഴികളിലൂടെ…

Jaihind Webdesk
Monday, May 23, 2022

 

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി നാളെയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. സമൂഹമനസാക്ഷിയെ പിടിച്ചുലച്ച കേസിന്‍റെ നാള്‍വഴികളിലൂടെ.

ജൂൺ 21 – പുലർച്ചെ വിസ്മയ‌യെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. സന്ധ്യയോടെ ഭർത്താവ് കിരൺ കുമാർ ശൂരനാട് സ്റ്റേഷനിൽ കീഴടങ്ങുന്നു.

ജൂൺ 22 – അറസ്റ്റ് രേഖപ്പെടുത്തുന്നു. കിരണിന്‍റെ വീട്ടിലെത്തിച്ചു ചോദ്യം ചെയ്യുന്നു. അന്ന് വൈകിട്ട് റിമാൻഡ്, കൊട്ടാരക്കര സബ് ജയിലിലേക്ക്.

ജൂൺ 28 – കിരൺകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ജൂൺ 29 – വിസ്മയയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കിരണിന്റെ വീട്ടിലെത്തി, വിസ്മയയെ മരിച്ച നിലയിൽ കണ്ട സ്ഥലത്ത്, കിരണിന്‍റെ സാന്നിധ്യത്തിൽ പരിശോധന നടത്തുന്നു. ചീഫ് ഫൊറൻസിക് ഡയറക്ടർ ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജൂൺ 30 – പൊലീസ് കസ്റ്റഡിയിലുള്ള കിരൺ കൊവിഡ് പോസിറ്റീവ് ആകുന്നു.

ജൂലൈ 1 – സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകുന്നു.

ജൂലൈ 5 – കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.

ജൂലൈ 9 – കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള കിരണിന്‍റെ ആവശ്യം കോടതി നിരസിക്കുന്നു. അഡ്വ. ആളൂരാണ് കിരണിന് വേണ്ടി ഹാജരായത്.

ജൂലൈ 26 – കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി.

ഓഗസ്റ്റ് 1 – അഡ്വ.ജി.മോഹൻരാജിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നു.

ഓഗസ്റ്റ് 6 – അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

സെപ്റ്റംബർ 3 – കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷൻസ് കോടതി തള്ളി.

സെപ്റ്റംബർ 10 – കുറ്റപത്രം സമർപ്പിക്കുന്നു.

ഒക്ടോബർ 8 – കിരണിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ജനുവരി 10 – വിചാരണ ആരംഭിച്ചു.

മാർച്ച് 2 – കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

മേയ് 17 – വിചാരണ പൂർത്തിയായി.

മേയ് 23 – കിരണ്‍ കുമാർ കുറ്റക്കാരന്‍

മേയ് 24 – ശിക്ഷാ വിധി