പാനൂര്‍ നഗരസഭാ ഓഫീസ് മാര്‍ച്ചില്‍ SFI-DYFI അക്രമം

Jaihind Webdesk
Monday, July 8, 2019

കണ്ണൂർ: പാനൂർ നഗരസഭാ ഓഫീസിലേക്ക് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ ഓഫിസിൽ അതിക്രമിച്ച്  കയറിയ പ്രവർത്തകർ നഗരസഭ ജീവനക്കാരെയും കൗൺസിലർമാരെയും അസഭ്യം പറയുകയും ഫർണിച്ചറുകൾ തല്ലിത്തകർക്കുകയും ചെയ്തു.

ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർഥികളെ  ആദരിക്കുന്നതിന്‍റെ ഭാഗമായി നഗരസഭ തയാറാക്കിയ ഉപഹാരത്തിൽ നിന്ന് മഹാത്മാന്ധിയുടെ ഛായാചിത്രം ഒഴിവാക്കി എന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ പാനൂർ നഗരസഭയിലേക്ക് മാർച്ച് നടത്തിയത്. നഗരസഭാ ആസ്ഥാനത്തിന് മുന്നിൽവെച്ച് പൊലീസ് മാർച്ച് തടഞ്ഞെങ്കിലും വലയം ഭേദിച്ച്  പ്രവർത്തകർ ഓഫീസിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഓഫീസിൽ അതിക്രമിച്ചുകയറിയ പ്രവർത്തകർ ഫർണിച്ചറും, മറ്റു ഓഫീസ് സാമഗ്രികളും അടിച്ചു തകർക്കുകയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. നഗരസഭാ ഓഫീസിനകത്ത് ഉണ്ടായിരുന്ന യു.ഡി.എഫ് കൗൺസിലർമാരെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു.

സി.പി.എം നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ അക്രമം തുടർന്നു. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ ഉൾപ്പടെയുളള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രവർത്തകർ ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് യു.ഡി.എഫ് ആരോപിച്ചു. പോലീസ് ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്.

https://www.youtube.com/watch?v=H9seDe96GyU