മുഹമ്മദ് നിയാസും വിജു എബ്രഹാമും ഹൈക്കോടതി ജഡ്ജിമാരായി ഇന്ന് ചുമതലയേൽക്കും

Jaihind Webdesk
Friday, August 13, 2021

 

കൊച്ചി : കേരള ഹൈക്കോടതിയിൽ പുതുതായി നിയമിതരായ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അഭിഭാഷകരായ വിജു എബ്രഹാം, സി.പി മുഹമ്മദ് നിയാസ് എന്നിവരാണ് അഡിഷണൽ ജഡ്ജിമാരായി ചുമതലയേല്‍ക്കുക. രാവിലെ 10.15 ന് ചീഫ് ജസ്റ്റിസിന്‍റെ സാന്നിധ്യത്തിലാണ് ചടങ്ങ്.

കഴിഞ്ഞ ദിവസമാണ് അഭിഭാഷകരായ സി.പി മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങിയത്. 2019ൽ ഇവരുടെ പേരുകൾ സുപ്രീം കോടതി കൊളീജിയം അംഗീകരിച്ചെങ്കിലും നിയമനത്തിനുള്ള ശുപാർശ കേന്ദ്രം തിരിച്ചയച്ചിരുന്നു. പേരുകൾ പുനഃപരിശോധിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. ചുമതല ഏറ്റെടുത്ത തീയതി മുതൽ രണ്ട് വർഷത്തേക്കാണ് ഇവരുടെ നിയമനത്തിന് പ്രാബല്യം ഉണ്ടാകുക.