വിജയ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന എ.ആർ മുരുഗദോസ് ചിത്രം സർക്കാരിന്‍റെ അഡ്വാൻസ് റിസർവേഷൻ തുടരുന്നു. കേരളത്തിലുൾപ്പെടെ വൻ പ്രതികരണമാണ് ശനിയാഴ്ച ആരംഭിച്ച അഡ്വാൻസ് റിസർവേഷന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും റിലീസ് ദിനമായ ചൊവ്വാഴ്ചയുള്ള പല പ്രദർശനങ്ങളും ഇതിനകം ഹൗസ്ഫുൾ ആയിട്ടുണ്ട്. ദീപാവലി ദിവസം അഞ്ച് മണി മുതൽ പ്രദർശനമുണ്ട്. തമിഴ്നാട്ടിലേതുപോലെ കേരളത്തിലെയും മിക്ക തിയേറ്ററുകളിലും റിലീസ്ദിനം പുലർച്ചെ മുതൽ പ്രദർശനമുണ്ട്. തൃശൂർ ജില്ലയിലെ ഒരു തിയേറ്ററിൽ ദീപാവലി ദിവസം ‘സർക്കാരിനെ’ വരവേൽക്കാൻ 24 മണിക്കൂർ തുടർച്ചയായ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.
തളിക്കുളത്തുള്ള കാർത്തിക മൂവീസ് ആണ് ഇത്തരത്തിൽ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സിംഗിൾ സ്‌ക്രീൻ തിയേറ്ററായ കാർത്തികയിൽ പുലർച്ചെ 5ന് തുടങ്ങി എട്ട് പ്രദർശനങ്ങളുണ്ട് റിലീസ് ദിനത്തിൽ. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്‍റെ നിർമാണം. എ.ആർ റഹ്മാൻ സംഗീതവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കും. മലയാളി ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ, രാധാ രവി, യോഗി ബാബു, ലിവിങ്സ്റ്റൺ എന്നിവർ കഥാപാത്രങ്ങളായെത്തുന്നു. ഐഫാർ ഇന്‍റർനാഷണലിനാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം.