തുപ്പാക്കി 2 വരുന്നു; ക്യാപ്റ്റന്‍ ജഗദീഷിനുവേണ്ടി ‘കട്ട വെയ്റ്റിങ്’ എന്ന് ആരാധകര്‍

Jaihind Webdesk
Thursday, December 20, 2018

2012ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും വിജയ്- എ.ആര്‍ മുരുകദോസ് കൂട്ടുകെട്ട്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിങ്ങനെ ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നതെല്ലാം വന്‍വിജയമായിരുന്നു. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് തുപ്പാക്കി രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നത്. ഒരു ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ വെച്ചാണ് തുപ്പാക്കിയുടെ രണ്ടാം ഭാഗം മുരുകദോസ് പ്രഖ്യാപിച്ചത്. കാജല്‍ അഗര്‍വാള്‍ നായികയായെത്തിയ സിനിമയില്‍ ജയറാം ഒരു പ്രധാന വേഷം ചെയ്തിരുന്നു. തുപ്പാക്കി ടീം തന്നെയാവും രണ്ടാം ഭാഗത്തിലുമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.

ക്യാപ്റ്റന്‍ ജഗദീഷ് എന്ന സൈനിക ഉദ്യോഗസ്ഥനായാണ് വിജയ് തുപ്പാക്കിയിലെത്തിയത്. മുംബൈയില്‍ വെച്ച് ബോംബ് സ്‌പോടനത്തിന് സാക്ഷിയായതോടെ തീവ്രവാദ സ്ലീപ്പര്‍ സെല്‍ നശിപ്പിക്കാനിറങ്ങിയ ഉദ്യോഗസ്ഥന്റെ വേഷമാണ് വിജയ് ചെയ്തത്. ഇന്ത്യയില്‍ മാത്രം 180 കോടിയാണ് തുപ്പാക്കി ബോക്‌സ് ഓഫീസില്‍ വാരിയത്. അന്ന് തമിഴില്‍ 100 കോടി ക്ലബ്ബിലെത്തിയ നാലാമത്തെ സിനിമയായിരുന്നു തുപ്പാക്കി. വിജയ് അറ്റ്‌ലി കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിനു ശേഷമാണ് തുപ്പാക്കി ചിത്രീകരണം തുടങ്ങുക.