ഒടിയന്‍ ഇന്റര്‍നെറ്റില്‍; വ്യാജപതിപ്പ് തമിഴ് എംവി വെബ്സൈറ്റില്‍

Jaihind Webdesk
Friday, December 14, 2018

തിരുവനന്തപുരം: ഏറെ ആവേശത്തോടെ ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയറ്ററിലെത്തിയതിന് തൊട്ടുപിന്നാലെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് എംവി എന്ന വെബ്‌സൈറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെ ലോകത്താകമാനമായി റിലീസ് ചെയ്ത സിനിമ മണിക്കൂറുകള്‍കകം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെടുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് വകവയ്ക്കാതെ വ്യാജപതിപ്പ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.