
ചെന്നൈ: ആരാധകര്‍ കാത്തിരുന്ന വിജയ് ചിത്രം ‘ജന നായകന്‍’ പ്രഖ്യാപിച്ചതുപോലെ തന്നെ ജനുവരി 9-ന് തിയറ്ററുകളിലെത്തും. സെന്‍സര്‍ ബോര്‍ഡുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് സിനിമയ്ക്ക് ‘യു/എ’ (U/A) സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പത്ത് മാറ്റങ്ങള്‍ വരുത്തിയതോടെയാണ് റിലീസിനുള്ള തടസ്സങ്ങള്‍ നീങ്ങിയത്.
ആകെ 3 മണിക്കൂര്‍ 3 മിനിറ്റ് 43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചിത്രമാണ് ‘ജന നായകന്‍’. ഇതില്‍ ആദ്യ പകുതി 1 മണിക്കൂര്‍ 28 മിനിറ്റും രണ്ടാം പകുതി 1 മണിക്കൂര്‍ 35 മിനിറ്റുമാണ്. ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യുടെ റീമേക്കായ ഈ ചിത്രം എച്ച്. വിനോദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ക്കുമെന്നാണ് സിനിമാ ലോകത്തെ കണക്കുകൂട്ടലുകള്‍.
ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജനുവരി 9-ന് രാവിലെ 6 മണിക്ക് ആരംഭിക്കും. പുലര്‍ച്ചെ 4 മണിക്ക് ഷോ നടത്താന്‍ വിതരണക്കാരായ എസ്.എസ്.ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ശ്രമിച്ചുവെങ്കിലും തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ കേരളത്തിലും 6 മണി ഷോ തീരുമാനിക്കുകയായിരുന്നു. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഡ്വാന്‍സ് ബുക്കിംഗിന് ഇതിനോടകം തന്നെ വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.