‘സമരപ്പന്തലിന് തൊട്ടടുത്തായി ഗ്രനേഡ് എറിയണം’ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ ബോധപൂര്‍വം പ്രകോപനമുണ്ടാക്കുന്ന പോലീസ്; ദൃശ്യങ്ങള്‍ പുറത്ത്

Jaihind Webdesk
Saturday, July 27, 2019

കെ.എസ്.യു നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് ബോധപൂർവം പ്രകോപനം സൃഷ്ടിച്ചു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കെ.എസ്.യുവിന്‍റെ നിരാഹാര പന്തലിന് സമീപം ടിയർ ഗ്യാസും ഗ്രനേഡും എറിയാൻ അസിസ്റ്റന്‍റ് കമ്മീഷണർ പോലീസുകാർക്ക് നിർദേശം നൽകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ 22-ാം തീയതി നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ മനപൂർവം പ്രകോപനം ഉണ്ടാക്കാൻ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ പ്രതാപൻ നായർ തന്‍റെ കീഴുദ്യാഗസ്ഥർക്ക് നിർദേശം നൽകുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. കെ.എസ്.യുവിന്‍റെ അനിശ്ചിത കാല നിരാഹാര സമരപന്തലിന് സമീപം ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിക്കാൻ സിവിൽ പോലീസ് ഓഫീസറോട് പ്രതാപൻ നായർ പറയുന്നു. ടിയർ ഗ്യാസ് ആക്രമണത്തിൽ കണ്ണ് നിറഞ്ഞ് നിരാഹാരക്കാർ ഓടണമെന്നും ആ രീതിയിൽ ആയിരിക്കണം പ്രയോഗം നടത്തേണ്ടതെന്നും ഇദ്ദേഹം നിർദേശിക്കുന്നു. മന:പൂർവം പ്രകോപനം സൃഷ്ടിച്ച് അക്രമം ഉണ്ടാക്കാൻ പോലീസ് മുൻകൂട്ടി പദ്ധതി തയാറാക്കിയിരുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

https://www.youtube.com/watch?v=mz5lIgzZX9M

ഗ്രനേഡ് എറിയാന്‍ നിര്‍ദേശം നല്‍കുന്ന അസിസ്റ്റന്‍റ് കമ്മീഷണർ

ടിയർ ഗ്യാസ്, ഗ്രെനേഡ് ആക്രമണത്തിൽ കെ.എസ്.യു സംസഥാന പ്രസിഡന്‍റ് അഭിജിത്ത് ഉൾപ്പെടെയുളളവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നാലെ അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സമരത്തിൽ പങ്കെടുത്ത ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. കുപ്പിയും കല്ലും ഉള്‍പ്പെടെ ചാക്കിലാക്കി സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ ശേഖരിക്കുന്ന പോലീസുകാരുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതില്‍നിന്നെല്ലാം മനപൂര്‍വം പ്രകോപനമുണ്ടാക്കി സമരത്തെ അതിക്രൂരമായി അടിച്ചമര്‍ത്താനുള്ള പോലീസ് നീക്കമാണ് പുറത്തുവരുന്നത്.