കളമശേരി സ്‌ഫോടനം; 4 പേരുടെ നില അതീവ ഗുരുതരം, 2 പേര്‍ വെന്റിലേറ്ററിലെന്ന് ആരോഗ്യമന്ത്രി

Jaihind Webdesk
Monday, October 30, 2023


കളമശേരി സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോര്‍ജ്. ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ 2 പേര്‍ വെന്റിലേറ്ററിലാണ്.
മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ഡിഎന്‍എ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്‌മോര്‍ട്ടം ഒരേസമയമം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. മരിച്ച കുട്ടിയുടെ സഹോദരന് 60ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ കളമശ്ശേരിയില്‍ എത്തും.