കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കാലോങ്ങുമ്പോള്‍ മുന്ന് തവണ ആലോചിക്കണം, തിരിച്ചടി ഉണ്ടാകും , അതിക്രമം വച്ചുവാഴിക്കില്ല : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, April 21, 2022

കെ റയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ്  പ്രവർത്തകരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രവർത്തകർക്ക് നേരെ കാലുയർത്തും മുന്‍പ് മുന്ന് തവണ ആലോചിക്കണം. പോലീസിന്‍റെ അക്രമത്തില്‍ ശക്തമായ തിരിച്ചടി ഉണ്ടാകും. അതിക്രമം വച്ചുവാഴിക്കില്ല. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടി വേണം, ഇല്ലെങ്കില്‍ കാണാം. തന്‍റെ വാക്കുകളെ ഭീഷണിയായി കാണാമെന്നും അദ്ദേഹം പറഞ്ഞു.

കല്ലിടാൻ ഉപകരണങ്ങളുമായി എത്തിയ റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടയാനെത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. പ്രതിഷേധത്തെ തുടർന്ന് സർവേ നിർത്തി. ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി പൊലീസ് എത്തിയതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. ഇതിനിടെ കോൺഗ്രസ് പ്രവർത്തകന്‍റെ കയ്യിലുണ്ടായിരുന്ന കൊടി പോലീസ് ചവിട്ടി ഒടിച്ചു. ഇത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകൻ എസ്.കെ.സുജിയെ പോലീസ് നിലത്തിട്ട് ചവിട്ടി. ഓടിയെത്തിയ പൊലീസുകാരന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തയാളെ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായ അക്രമം ആണ് കോൺഗ്രസ് പ്രവർത്തക്ക് നേരെ പോലീസ് അഴിച്ചുവിട്ടത്. പൊലീസുമായുള്ള പിടിവലിക്കിടെ പ്രവർത്തകരുടെ വസ്ത്രം കീറി.

പരിക്കേറ്റ് അണ്ടൂർകോണം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലുള്ള പ്രവർത്തകരെയും നാട്ടുകാരെയും പ്രതിപക്ഷനേതാവ് വി ഡി സതീശൻ സന്ദർശിച്ചു.

കല്ലിടുന്ന കാര്യം നാട്ടുകാരെ മുൻകൂട്ടി അറിയിച്ചില്ലെന്നും സ്കൂളും പഞ്ചായത്ത് ഓഫിസുമെല്ലാം പദ്ധതി നടപ്പിലാക്കിയാൽ പൊളിക്കേണ്ടി വരുമെന്നും  കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഒരു മാസം മുൻപ് സ്ഥലത്ത് കല്ലിട്ടെങ്കിലും പ്രതിപക്ഷ പാർട്ടികൾ അവ പിഴുതു മാറ്റിയിരുന്നു. ഡിസിസി വൈസ് പ്രസിഡന്‍റ് എം.മുനീർ, അണ്ടൂർക്കോണം പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ നായർ, അർച്ചന, മുതാംസ് ബീഗം തുടങ്ങിയവർക്കും പോലീസ് അക്രമത്തിൽ പരിക്കേറ്റു.