‘ബസ് ചാർജ് വർധന വലിയ ഭാരം , സില്‍വർ ലൈനിനെ ശക്തമായി എതിർക്കും’ : പ്രതിപക്ഷ നേതാവ്

കെഎസ്ആർടിസി ബസ് ചാർജ് വർധന സാധാരണക്കാർക്ക് മീതെ വലിയ ഭാരമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മിനിമം ദൂരം ചുരുക്കി നിരക്ക് വർധിപ്പിക്കുന്നത് ശരിയല്ലെന്നും ശാസ്ത്രീയമായ അപാകതകൾ ശ്രദ്ധിക്കാതെയാണ് നിരക്ക് വർധനവ് നടപ്പാക്കുന്നതെന്നും എന്ത് അടിസ്ഥാനത്തിലാണ് മിനിമം ദൂരം കുറച്ചതെന്നും അദ്ദേഹം ചോദ്യമുയർത്തിു. ഇന്ധന സബ്സിഡി അനുവദിച്ചാൽ നിരക്ക് വർധനവ് പിൻവലിക്കാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

സിൽവർ ലൈനിൽ ഒരു വിട്ട് വീഴ്ചയും ഇല്ല, ശക്തമായി എതിർക്കും. അലോക് വർമയുടെ വെളിപ്പെടുത്തൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നത്. മണ്ണ് പരിശോധന നടത്തിയിട്ടില്ല, കൃത്യമായ സർവേകൾ നടത്തിയിട്ടില്ല തട്ടിക്കൂട്ടിയ ഡി പി ആർ എന്ന പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്നതാണ് അലോക് വർമ്മയുടെ വെളിപ്പെടുത്തലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. കെ റെയിലിന്‍റെ കല്ലിട്ടാൽ ഇനിയും പിഴുതെറിയും. കേരളം മുഴുവൻ പദ്ധതിയുടെ ഇരകളാണ്. ജനാധിപത്യമായ രീതിയിൽ പ്രതികരിക്കും. പ്രതിപക്ഷത്തിന് പിന്നാലെ വന്ന് വിശദീകരണം നടത്തുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

 

 

Comments (0)
Add Comment