സിപിഎമ്മിനും വര്‍ഗീയ ശക്തികള്‍ക്കും സ്വന്തമായി കൊലയാളി സംഘങ്ങള്‍: യുഡിഎഫിന് വര്‍ഗീയതയോട് സന്ധിയില്ല : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, April 19, 2022

ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കാരണമെന്ന മന്ത്രി എം.വി ഗോവിന്ദന്‍റെ പ്രസ്താവന കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡി.വൈ.എഫ്.ഐ പ്രദേശിക നേതാവ് വിവാഹം കഴിച്ചപ്പോള്‍ മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസ് പറഞ്ഞതും ഇതു തന്നെയാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടു കൂട്ടരും എതിരായി. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കുകയെന്നതാണ് യു.ഡി.എഫ് നിലപാട്. ഒരു കാരണവശാലും വര്‍ഗീയതയുമായി സന്ധിയില്ല. ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയ ശക്തികളുമായി തെരഞ്ഞെടുപ്പ് കാലത്ത് അവിഹിത ബന്ധം ഉണ്ടാക്കിയതിനാലാണ് സര്‍ക്കാരിന് കൊലയാളികള്‍ക്കെതിരെ ഇപ്പോള്‍ കാര്‍ക്കശ്യമുള്ള നിലപാടെടുക്കാന്‍ സാധിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തില്‍ മൂന്ന് കൂട്ടര്‍ക്കാണ് സ്വന്തമായി തീറ്റിപ്പോറ്റുന്ന കൊലയാളി സംഘങ്ങളുള്ളത്; ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ക്കും ന്യൂനപക്ഷ വര്‍ഗീയ വാദികള്‍ക്കും പിന്നെ സി.പി.എമ്മിനും. കേരളത്തിലെ പൊതുസമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താതെ നോക്കേണ്ടത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയും ഉത്തരവാദിത്തവുമാണ്. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയവാദികളെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം. രണ്ടു കൂട്ടരുമായും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇവരുമായി സന്ധി ചെയ്ത് കേരളത്തെ തകര്‍ക്കാന്‍ യു.ഡി.എഫ് കൂട്ടുനില്‍ക്കില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

കൊല്ലുമെന്നും വെള്ളപുതപ്പിച്ച് കിടത്തുമെന്നും പരസ്യമായി മുദ്രാവാക്യം വിളിച്ചിട്ടും പൊലീസിന് മനസിലാകുന്നില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ രാജവയ്ക്കുന്നതാണ് നല്ലത്. കുറ്റകൃത്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടാണോ ചെയ്യുന്നത്? അങ്ങനെയെങ്കില്‍ എന്തിനാണ് പൊലീസിന് ഇന്റലിജന്‍സ് സംവിധാനം? വെള്ളപുതപ്പിച്ച് കിടത്തും എന്ന് മുദ്രാവാക്യം വിളിച്ചവരുടെ നേതാക്കളെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണ്? പുസ്തകം വായിച്ചതിന് രണ്ട് കുട്ടികളെ യു.എ.പി.എ പ്രകാരം കരുതല്‍ തടങ്കലില്‍ വച്ചിട്ടുണ്ടല്ലോ. കൊലയാളി സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വിളിച്ച് ചോദ്യം ചെയ്യാന്‍ പിണറായി വിജയന്‍റെ  മുട്ട് വിറയ്ക്കും. ചോദ്യം ചെയ്താല്‍ തെരഞ്ഞെടുപ്പ് കാലത്തെ സംഭാഷണങ്ങള്‍ അവര്‍ വെളിപ്പെടുത്തും. ആര്‍.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടെയും നേതൃത്വം അറിയാതെ ഈ കൊലപാതകങ്ങള്‍ നടക്കുമോ? ഏതെങ്കിലും ഒരു നേതാവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചോ? അതിനുള്ള ധൈര്യം ഈ സര്‍ക്കാരിനോ പൊലീസിനോ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.

സി.ഐ.ടി.യു നേതാക്കള്‍ ഘടകകക്ഷി മന്ത്രിമാരെ വിരട്ടുന്നു

സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വൈദ്യുതി, കെ.എസ്.ആര്‍.ടി.സി, ജല അതോറിട്ടി എന്നിവയുടെ പ്രവര്‍ത്തനം ദയനീയമെന്ന് പ്രതിപക്ഷ നേതാവിന്‍റെ വിമർശനം.  സി.ഐ.ടി.യു നേതാക്കള്‍ ഘടകകക്ഷി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വെല്ലുവിളിക്കുകയും വിരട്ടുകയുമാണ്. വൈദ്യുതി വകുപ്പില്‍ സമരാഭാസം നടന്നിട്ടും അത് തീര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ലേ? മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയി. പൊതുഗതാഗതം നിലനിര്‍ത്താനായി കെ- റെയില്‍ കൊണ്ടു വരുന്നവര്‍ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം കൊടുത്തത് ഇന്നലെയാണ്. സ്വിഫ്റ്റ് വന്നതോടെ കെ.എസ്.ആര്‍.ടി.സി തകരുമെന്ന് ഉറപ്പായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൗനാനുവദത്തോടെയാണ് മന്ത്രിമാരായ ആന്‍റണി രാജുവിനും റോഷി അഗസ്റ്റിനും കൃഷ്ണന്‍ കുട്ടിക്കും എതിരെ സി.ഐ.ടി.യു നേതാക്കള്‍ സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞ കാര്യങ്ങളാണ് സില്‍വര്‍ ലൈനിന് വേണ്ടി ഡി.പി.ആര്‍ തയാറാക്കിയ സിസ്ട്ര തലവന്‍ അലോക് കുമാര്‍ വര്‍മ്മയും പറഞ്ഞത്. ആറായിരം പേജുള്ള ഡി.പി.ആര്‍ പരിശോധിച്ചാല്‍ തന്നെ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണെന്ന് മനസിലാകും. പാരിസ്ഥിതിക ആഘാത പഠനമോ അലൈന്‍മെന്‍റോ എസ്റ്റിമേറ്റോ സര്‍വെയോ ഒന്നും നടത്താതെ എന്ത് ഡി.പി.ആറാണിത്? പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. അല്ലാതെ ബി.ജെ.പി, എസ്.ഡി.പി.ഐ കൂട്ടുകെട്ടെന്നല്ല പറയേണ്ടത്. മറുപടി നല്‍കാതെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രണ്ടു ലക്ഷം കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതിയാണിത്. 64000 കോടി മാത്രമെ ചെലവ് വരൂ എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ്? കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഇവിടെ വന്ന് വെയില്‍ കൊള്ളേണ്ട ഒരു ആവശ്യവുമില്ല. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതി വേണ്ടെന്ന് വയ്പ്പിക്കുയാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വം ചെയ്യേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.

എല്ലാ വിഷയങ്ങളിലും സി.പി.ഐ നിലപാട് മാറ്റിക്കൊണ്ടേയിരിക്കും. ലോകായുക്ത ഭേദഗതി സംബന്ധിച്ച് മന്ത്രിസഭയിലും പുറത്തും വ്യത്യസ്ത നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. അതിന്‍റെ  ഭാഗമായാണ് കാനം രാജേന്ദ്രന്‍ സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തില്‍ പങ്കെടുക്കുന്നത്. സി.പി.ഐയുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് അവരുടെ തന്നെ ഉത്തരവാദിത്തമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടാണ് സില്‍വര്‍ ലൈനിനെതിരെ യു.ഡി.എഫ് സമരം ചെയ്യുന്നത്. നേരത്തെ പൗരപ്രമുഖരുമായി മാത്രം സംസാരിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ജനങ്ങളോട് സംസാരിക്കാന്‍ വേണ്ടി താഴേയ്ക്ക് ഇറങ്ങിയതില്‍ സന്തോഷം. കെ- റെയില്‍ വിശദീകരിക്കാന്‍ വീടുകളില്‍ പോയതിന്‍റെ അനുഭവം എന്താണെന്ന് മന്ത്രിമാര്‍ക്ക് നന്നായി അറിയാമെന്നും വിഡി സതീശന്‍ പരിഹസിച്ചു.